എക്സൈസ് വകുപ്പിന്റെ ആവശ്യം: " മാഹിയിൽ നിന്ന് മദ്യം കൊണ്ടുവരട്ടെ; കേരളത്തിന് വരുമാനം കൂട്ടാം"
Mail This Article
ആലപ്പുഴ ∙ കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നു കേരളത്തിലേക്കു മദ്യം കൊണ്ടുവരുന്നതു നിയമവിധേയമാക്കണമെന്ന് എക്സൈസ് നിർദേശിക്കുന്നു. ഇങ്ങനെ എത്തിക്കുന്ന മദ്യത്തിനു തീരുവ ചുമത്തി സർക്കാരിന്റെ വരുമാനം വർധിപ്പിക്കാമെന്നാണു ശുപാർശ. ഭരണപരിഷ്കരണ വകുപ്പ് അഡീഷനൽ സെക്രട്ടറി ആർ.ആനന്ദവല്ലിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്. നിലവിൽ മാഹിയിൽ നിന്നു കേരളത്തിലേക്കു മദ്യം കടത്തുന്നതു ജയിൽശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
∙ കഞ്ചാവിൽ കടുപ്പിക്കണം
200 ഗ്രാമിനു മുകളിൽ കഞ്ചാവ് കൈവശംവച്ചാൽ കമേഴ്സ്യൽ ക്വാണ്ടിറ്റിയായി കണക്കാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നടപടി വേണമെന്നും ശുപാർശയുണ്ട്. നിലവിൽ ഒരു കിലോഗ്രാം വരെ സ്മോൾ ക്വാണ്ടിറ്റി എന്നാണ് കണക്ക്. അതിൽ കൂടുതൽ കഞ്ചാവുമായി പിടിയിലായാൽ മാത്രമാണു ജാമ്യമില്ലാ വകുപ്പ് ചുമത്താനാകുക. ഇതറിയാവുന്നതിനാൽ കടത്തുകാർ ഒരു കിലോയിൽ കുറച്ചുമാത്രം കൈവശംവയ്ക്കലാണു പതിവ്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിച്ചിട്ടില്ലാത്ത പദാർഥങ്ങൾ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ഇവ കൂടി എൻഡിപിഎസ് ആക്ടിൽ ഉൾപ്പെടുത്തി നിയന്ത്രിക്കണമെന്നും റിപ്പോർട്ടിലുണ്ട്.