ADVERTISEMENT

കണ്ണൂർ ∙ ഉച്ചഭാഷിണികളും ക്യാമറകളും ജനങ്ങൾക്കു നേരെ തിരിച്ചുവയ്ക്കണമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രിയദർശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ‘‘ക്യാമറകളും ഉച്ചഭാഷിണികളും സദാനേരവും ഭരണാധികാരികൾക്കു നേരെ തിരിച്ചു വച്ചിരിക്കുകയാണു ഡൽഹിയിൽ. അതു ജനങ്ങൾക്കു നേരെ തിരിച്ചുവയ്ക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’’ – രാഹുൽ പറഞ്ഞു.

ജവാഹർലാൽ നെഹ്റുവിനെ പോലെ, രാജ്യത്തെ നയിക്കാനുള്ള നിയോഗം രാഹുൽ ഗാന്ധിക്കുമുണ്ടെന്നു ടി.പത്മനാഭൻ പറഞ്ഞു. ‘തേരിത് തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നൂ ഞങ്ങൾ അങ്ങേയ്ക്കഖില ഭാവുകം’ എന്നു കവി എൻ.വി.കൃഷ്ണവാരിയർ നെഹ്റുവിനെപ്പറ്റി എഴുതിയത് ഉദ്ധരിച്ച്, ഇതു തന്നെയാണു രാഹുൽ ഗാന്ധിയോടു തനിക്കു പറയാനുള്ളതെന്നു പത്മനാഭൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരൻ കൽപറ്റ നാരായണൻ, പന്തളം സുധാകരൻ, സുധാ മേനോൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പ്രിയദർശിനി പബ്ലിഷിങ് സൊസൈറ്റി വൈസ് ചെയർമാൻ പഴകുളം മധു, സെക്രട്ടറി ബിന്നി സാഹിതി എന്നിവർ പ്രസംഗിച്ചു.

എഴുത്തുകാരോട് അസൂയ; അവർക്ക് എല്ലാ സത്യവും പറയാമല്ലോ

രാഷ്ട്രീയപ്രവർത്തകരും എഴുത്തുകാരും ജനങ്ങളോടു സംസാരിക്കുന്നു. എഴുത്തുകാർക്ക് ആർജവത്തോടെ, നിർഭയമായി സത്യം തുറന്നുപറയാൻ കഴിയുമെന്നതാണ് രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം. ജീവിതകാലം മുഴുവൻ ടി.പത്മനാഭൻ ചെയ്തതും അതു തന്നെ. രാഷ്ട്രീയക്കാർക്കും അതുപോലെ സാധിക്കണം. ഇപ്പോഴതു ബുദ്ധിമുട്ടാണ്. പലപ്പോഴും ജനത്തിനു സത്യം ആവശ്യമില്ലെന്ന സ്ഥിതിയുണ്ട്. സത്യത്തിനു മുകളിലാണ്, നുണകളുടെ മുകളിലല്ല രാജ്യം പടുത്തുയർത്തിയത്. സത്യം പറയാൻ ശ്രമിച്ചത് എനിക്കു പലപ്പോഴും പ്രയാസമുണ്ടാക്കി. ഇക്കാര്യത്തിൽ ടി.പത്മനാഭനുള്ള സ്വാതന്ത്ര്യത്തിൽ അസൂയ തോന്നുന്നു – രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് നാവികസേനാ വിമാനത്താവളം നിഷേധിച്ചെന്ന്

കൊച്ചി ∙ മഹിളാ കോൺഗ്രസ് കൺവൻഷനിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്നു രാഹുൽ ഗാന്ധി എത്തിയ വിമാനത്തിനു നാവികസേന വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി പ്രതിരോധമന്ത്രാലയം നിഷേധിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. 

ഇന്നലെ രാവിലെ നാവികസേനാ വിമാനത്താവളത്തിൽ ഇറങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നതായി ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. പക്ഷേ, ഉച്ചയോടെ അനുമതി നിഷേധിച്ചതിനാൽ നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വന്നു. ഇതുമൂലമാണു രാഹുൽ മറൈൻഡ്രൈവിലെ കൺവൻഷൻ വേദിയിൽ എത്താൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Let the cameras be directed at the people: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com