ADVERTISEMENT

കൊച്ചി ∙ നവകേരള സദസ്സിന്റെ പൊതുയോഗം തൃശൂർ പുത്തൂരിലെ മൃഗശാലയിൽനിന്നു മാറ്റിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇവിടെ യോഗം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണിത്. ഒല്ലൂർ മണ്ഡലത്തിലെ യോഗമാണ് ഈമാസം അഞ്ചിന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നടത്താൻ തീരുമാനിച്ചിരുന്നത്. വെള്ളാനിക്കര കാർഷിക സർവകലാശാലാ മൈതാനമാണു പുതിയ വേദി. 

മൃഗശാലയിൽ മുക്കാൽ ഭാഗത്തോളം പൂർത്തിയായ വേദി അഴിച്ചുമാറ്റിത്തുടങ്ങി. സദസ്സിനു മുന്നോടിയായി ഇന്നലെ വൈകിട്ട് ഇവിടെ നടത്താനിരുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്കു മാറ്റി. 

തൃശൂർ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിച്ചത്. പാർക്കിങ് ഏരിയയിലാണു യോഗമെന്നും ഇതു മൃഗശാലാ വളപ്പിലല്ലെന്നും സർക്കാർ വാദിച്ചിരുന്നു. പരിപാടി പാർക്കിന് ഏറെ ഗുണപ്രദമാണെന്നും അവകാശപ്പെട്ടു. എന്നാൽ വന്യമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നിടത്ത് എങ്ങനെ പരിപാടി നടത്തുമെന്നും ലൗഡ് സ്പീക്കറിന് അനുമതിയുണ്ടോയെന്നും കോടതി ആരാഞ്ഞു. തുടർന്ന് ഉച്ചവരെ സമയം തേടിയശേഷം വേദി മാറ്റുന്നതായി സർക്കാർ അറിയിച്ചു. 

സദസ്സിൽ പങ്കെടുക്കാൻ കുസാറ്റിൽ സർക്കുലർ

കളമശേരി ∙ എട്ടിന് കളമശേരിയിൽ നടക്കുന്ന നവകേരള സദസ്സിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ജീവനക്കാരും വിദ്യാർഥികളും പങ്കെടുക്കണമെന്നും പരിപാടി വലിയ വിജയമാക്കണമെന്നും റജിസ്ട്രാർ ഡോ. വി.മീരയുടെ സർക്കുലർ. വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണു സർക്കുലറെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

സദസ്സിന്റെ പരിസരത്ത് പാചകവാതകം പാടില്ല

ആലുവ ∙ ഏഴിനു നവകേരള സദസ്സ് നടക്കുന്നതിനാൽ ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കടകളിൽ പാചകവാതക ഉപയോഗം പാടില്ലെന്നു പൊലീസിന്റെ നോട്ടിസ്. ഭക്ഷണസാധനങ്ങൾ മറ്റു സ്ഥലങ്ങളിൽ പാചകം ചെയ്തു കടകളിലെത്തിക്കണം. 2 ഫോട്ടോയും തിരിച്ചറിയൽ രേഖയും വ്യക്തിഗത വിവരങ്ങളും പൊലീസ് സ്റ്റേഷനിലെത്തിച്ചു താൽക്കാലിക തിരിച്ചറിയൽ കാർ‍ഡ് വാങ്ങാത്തവരെ സ്റ്റാൻഡിലെ കടകളിൽ അന്നു ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിച്ചു. 

English Summary:

Nava Kerala Sadas shifted from Thrissur Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com