റോബിൻ ബസ് വിട്ടുകിട്ടാനിറങ്ങി ഉടമ; കോടതി നിർദേശിക്കട്ടെയെന്ന് വകുപ്പ്
Mail This Article
പത്തനംതിട്ട∙ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചതിനെത്തുടർന്നു ബസ് വിട്ടുകിട്ടാനായി നടത്തിപ്പുകാരൻ ബേബി ഗിരീഷ് തിരുവല്ല എൻഫോഴ്സ്മെന്റ് ആർടിഒയെ സമീപിച്ചു. അതേസമയം, കോടതി നിർദേശിക്കട്ടെയെന്ന നിലപാടിലാണു മോട്ടർ വാഹന വകുപ്പ്. പത്തനംതിട്ട എആർ ക്യാംപിലാണു ബസ് സൂക്ഷിച്ചിരിക്കുന്നത്. ബസുമായി ബന്ധപ്പെട്ട നിയമപോരാട്ടം നീളാനാണു സാധ്യത.
ബസിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികളിലെല്ലാം മോട്ടർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്നതു കോൺട്രാക്ട് കാര്യേജ് പെർമിറ്റിന്റെ ലംഘനം നടന്നെന്ന പേരിലാണ്. എന്നാൽ, ബസിനുള്ളതാകട്ടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റും.
സ്റ്റേജ് കാര്യേജ്(എസ്‌സി), കോൺട്രാക്ട് കാര്യേജ് (സിസി), ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) എന്നിവ മൂന്നും മൂന്നാണെന്നു ബസുടമകൾ വാദിക്കുമ്പോൾ കോൺട്രാക്ട് കാര്യേജാണ് എഐടിപി വാഹനങ്ങളെന്ന നിലപാടിലാണു മോട്ടർ വാഹന വകുപ്പ്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതോടെ മാത്രമേ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂ. ഇതിനിടെ മൂന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബസുടമ നിയമ നടപടികളാരംഭിച്ചിട്ടുണ്ട്.