ADVERTISEMENT

നീ ദേശത്തിലെ സകല ജനങ്ങളോടും പുരോഹിതന്മാരോടും പറയേണ്ടത് ; നിങ്ങൾ ഈ എഴുപത് സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ച് വിലപിക്കയിൽ നിങ്ങൾ എനിക്കു വേണ്ടി തന്നെയോ ഉപവസിച്ചത്? നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നെയല്ലയോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത് ?
-ബൈബിൾ സെഖര്യാവ് .7

കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ യാത്ര മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരിലെത്തിയപ്പോൾ വാഹന വ്യൂഹത്തിനു നേരെ ചില യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി ചാടി. ഇ.പി.ജയരാജൻ (പണ്ട് ട്രെയിനിൽ വെച്ച് കഴുത്തിനും തലക്കുമൊക്കെ വെടിയേറ്റയാൾ) അതിനെ വിശേഷിപ്പിച്ചത് ഭീകര പ്രവർത്തനമെന്നാണ്. ടെയിനായാലും ബസായാലും പ്ലെയിനായാലും ഇദ്ദേഹത്തിന് വ്യത്യാസമില്ല. എന്തിലായാലും യൂത്ത് കോൺഗ്രസ് നടത്തുന്നത് ഭീകര പ്രവർത്തനവും ഡിഫിയുടേത് പുരോഗമന വിപ്ലവ പ്രവർത്തനവുമാണ് ഈ സഖാവിന്. തലയ്ക്ക് വെടിയേറ്റതിനു് ശേഷം അദ്ദേഹത്തിനുണ്ടായ തെളിച്ചമാണത്. മേല്പടി സംഭവത്തിൽ പൊലീസിനും മുമ്പേ ഓടിയെത്തിയ ഡിഫിക്കാർ യൂത്തന്മാരെ ശരിക്ക് കൈകാര്യം ചെയ്തു. ഹെൽമറ്റ് മുതൽ ചെടിച്ചട്ടിവരെ ഉപയോഗിച്ചായിരുന്നു കുട്ടിസഖാക്കളുടെ തടവൽ. നവകേരള നാഥനായ മുഖ്യമന്ത്രി യാത്രക്കുപയോഗിക്കുന്ന ബസിലിരുന്ന് ( മേധാനന്തരം KSRTC ക്ക് നൽകുമെന്ന് പറയപ്പെട്ടത്) ഈ കാഴ്ച കാണുകയും പിന്നീട് പത്രക്കാരെ കണ്ടപ്പോൾ പറഞ്ഞതുമാണിവിടത്തെ വിഷയം. ആത്മഹത്യാ പ്രവണതയോടെ ബസിനു മുന്നിലേക്കെടുത്തു ചാടിയ യൂത്തൻ മാരുടെ ജീവൻ രക്ഷിച്ചതാണ് ഡിഫി ക്കാർ അവരതിനിയും ചെയ്യുമെന്നാണ്. എന്തായാലും യൂത്ത് കോൺഗ്രസ് കാരിലൊരാൾ തീവ്ര പരിചരണ വിഭാഗത്തിലെത്തി. ഡോക്ടർമാർ അങ്ങേരുടെ ജീവൻ രക്ഷിച്ചെന്നാണ് കേട്ടത്.

എസ്.എഫ്.ഐ വളരെ കാര്യമായി തന്നെ ജീവൻ രക്ഷിക്കാൻ വന്ന ഒരാളാണ് ഇതെഴുതുന്നത്. 1978 - 80 ൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സജീവ എസ് എഫ് ഐ പ്രവർത്തകനായിരുന്നു ഞാൻ. അന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ അന്തരിച്ച സഖാവ് മത്തായിചാക്കോ ആയിരുന്നു ഞങ്ങളുടെ നേതാവ്. ജീവൻ രക്ഷിക്കാനായിരുന്നില്ല ഞങ്ങൾ പോയത് ഒരു ബസിനെതിരെ സമരം ചെയ്യാനാണ്. മെഡിക്കൽ കോളേജ് ജംഗ്‌ഷനടുത്താണല്ലോ ദേവഗിരി കോളേജ്. അതുകൊണ്ട് കാപ്പാട്ടു മല ട്രാവൽസ് എന്ന ബസ് തടഞ്ഞ് സമരം ചെയ്യാൻ ഞങ്ങൾ പോയത് അവിടേക്കായിരുന്നു. തിരുവമ്പാടിയിൽ നിന്നോ മറ്റോ വന്നിരുന്ന കാപ്പാട്ടുമല ബസ് കുട്ടികൾക്ക് കൺസഷൻ തരാതിരുന്നതും അവരെ കയറ്റാത്തതുമായിരുന്നു വിഷയം. അന്ന് മെ. കോളേജ് ജംഗ്ഷനിൽ ഇന്നത്തെപ്പോലെ റോഡിന് വീതിയോ മുറിച്ചു കടക്കാൻ മേൽപ്പാലമോ ഉണ്ടായിരുന്നില്ല.. രോഗികളും കൂട്ടിരുപ്പുകാരും വിദ്യാർത്ഥികളും നാട്ടുകാരുമൊക്കെ ചേർന്ന് അവിടെ വലിയ ആൾക്കൂട്ടം സദാ സമയത്തും ഉണ്ടായിരുന്നു. മത്തായി ചാക്കോ മുന്നിലും ഞങ്ങൾ അനുയായികൾ നിര നിരയായി പിന്നിലുമായി ഒരു ജാഥ ദേവഗിരി കോളേജിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് നീങ്ങി. വയനാട് റോഡിലേക്കും കുറ്റിക്കാട്ടുരിലേക്കും തിരിയുന്നതിനിടക്കുള്ള റോഡ് ഞങ്ങൾ ബ്ലോക്ക് ചെയ്തു. മത്തായി ചാക്കോ പ്രസംഗിച്ചതിനു ശേഷം ഞങ്ങൾ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.  അതിനിടെ കാപ്പാട്ടു മലബസ് ചീറിപ്പാഞ്ഞ് വന്ന് സഡൻ ബ്രേക്കിട്ട് നിർത്തുന്നു. ഞങ്ങൾ കൈയിൽ കരുതിയ വടിയും കല്ലുമുപയോഗിച്ച് ബസ ടിച്ചു പൊളിക്കുന്നു. പൊലീസ് ലാത്തിച്ചാർജ് തുടങ്ങുന്നു. ഞങ്ങൾക്ക് സ്ഥലം പരിചിതമായതിനാൽ ഓടി പലവഴിയിലൂടെ രക്ഷപ്പെടുന്നു. മത്തായി ചാക്കോ ഓടാതെ നിന്നതിനാൽ അദ്ദേഹത്തെ പൊലീസ് വളഞ്ഞിട്ട് തല്ലി തല പൊളിച്ചു. ആ ജംഗ്‌ഷനിലുണ്ടായിരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊക്കെയാണ് പൊലീസിന്റെ ലാത്തിയടി (ജീവൻ രക്ഷ ) ഏറ്റവുമധികം കിട്ടിയത്. മത്തായി ചാക്കോയെ ഉടനെ മെഡിക്കൽ കോളേജിൽ കിടത്തി തലയിൽ സ്റ്റിച്ചിട്ടിരുന്നു. അദ്ദേഹം ഒരാഴ്ച മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. അന്ന് ഞങ്ങൾ എസ്എഫ്ഐ ക്കാരായതു കൊണ്ട് ബസ്സിന് മുന്നിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. കെഎസ്‍യു ക്കാർ കോളേജിൽ വെച്ചൊക്കെ ദീനാനുകമ്പ കാണിച്ചിരുന്നെങ്കിലും അങ്ങോട്ടു വന്നിരുന്നില്ല.

പ്രീഡിഗ്രി കാലത്തോടെ ഞാൻ ഇടതു പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തോട് വിട പറഞ്ഞു. തുടർന്ന് വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടപ്പോഴൊക്കെ എന്റെ ജീവൻ രക്ഷിച്ചത് എസ്എഫ്ഐ ക്കാരാണ്. അതിലാദ്യത്തേത് എറണാകുളം മഹാരാജാസ് കോളേജിൽ വെച്ചാണ്. പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചിരുന്ന കെ.കെ. ബാബുരാജും ഞാനും മഹാരാജാസിൽ ബി.എ. ഫിലോസഫിക്ക് ചേർന്നു. ന്യൂ ഹോസ്റ്റലിലെ ഒരു മുറിയിലായിരുന്നു താമസം. ശരിക്കു പറഞ്ഞാൽ അന്നു ഞാൻ ബാബുരാജിന്റേയും അദ്ദേഹത്തിന്റെ സഹോദരൻ കെ.കെ. കൊച്ചിന്റേയുമൊക്കെ സ്വാധീനത്താൽ സി.പി.എം വിരുദ്ധനായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ പൊലീസ് ഭീതി മൂലം സാംസ്കാരിക വേദി പോലുള്ള നക്സലൈറ്റ് മുന്നേറ്റങ്ങളിൽ പ്രവർത്തിച്ചിരുന്നില്ല. അന്നതിൽ പലരുമായും സൗഹൃദമുണ്ടായിരുന്നു.

അപ്പോഴാണ് കോളേജിൽ ഇലക്ഷൻ വന്നത്. ചെയർമാൻ സ്ഥാനത്തേക്ക് തീ പാറുന്ന മത്സരമായിരുന്നു. എസ്എഫ്ഐ സ്ഥാനാർത്ഥി മുൻ വർഷത്തെ മാഗസിൻ എഡിറ്ററായിരുന്ന ഗൗരീദാസൻ നായരായിരുന്നു. കെഎസ്‍യു സ്ഥാനാർഥി വേണു രാജാമണിയും. ഫലം വന്നപ്പോൾ രാജാമണി ജയിച്ചു ഗൗരി തോറ്റു. അതോടു കൂടി എസ്എഫ്ഐക്കാർക്ക് ഭ്രാന്തായി. രാത്രിയായതോടെ  എസ്എഫ്ഐ വിരുദ്ധന്മാരെ കൈകാര്യം ചെയ്യാനിറങ്ങി. ഞങ്ങൾ ഒന്നാം വർഷക്കാരായിരുന്നതിനാൽ ഇതൊന്നും അറിയില്ലായിരുന്നു. സീനിയർ വിദ്യാർത്ഥികളായ എസ്എഫ്ഐ വിരുദ്ധന്മാരൊക്കെ ജീവനും കൊണ്ടോടി തടിയെടുത്തിരുന്നു. അവസാനം ഈ  സംഘം ഞങ്ങളുടെ മുറിയിൽ കയറി വന്നു. ഞാനും ബാബുരാജും ഏതാണ്ട് അർധ ബോധാവസ്ഥയിൽ വിറച്ചിരിക്കുകയാണ്. അന്ന് ഞാൻനീട്ടി വളർത്തിയിരുന്ന താടി കുത്തിപ്പിടിച്ച് അവരെന്തൊക്കെയാണ് ചെയ്തതെന്നു് അന്നും ഇന്നും എനിക്കോർമയില്ല. അന്ന് പി.ജി വിദ്യാർത്ഥികളായിരുന്ന ചെല്ലപ്പനും ഹെൻറിയും ഫെലിക്സും വന്ന് എസ്എഫ്ഐ ക്കാരെ തടഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളിലൊരാളോരണ്ടാളും തന്നെയോ അന്നത്തെ അഭിമന്യു മാരായേനെ . മേൽ പറഞ്ഞ മൂന്നാളും ഞങ്ങളുടെ ജീവൻ രക്ഷിച്ചവർ തന്നെ. അവരില്ലായിരുന്നെങ്കിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ കുട്ടി സഖാക്കളായ പോരാളികൾഞങ്ങളുടെ ജീവനെടുത്തേനെ . ഫെലിക്സും ഹെൻറിയും ഇന്നില്ല. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതിരുന്ന തായിരുന്നു ഞങ്ങളുടെ വലിയ പിഴ!

അടുത്തതും ദൈർഘ്യമേറിയതുമായ ഒരു ജീവൻ രക്ഷാ അനുഭവം ഞാൻ എം.ഫില്ലിനു കാലിക്കറ്റു യൂണിവേഴ്സിറ്റി കാമ്പസിൽ പഠിക്കുമ്പോഴാണ്. കാമ്പസിൽ നടന്ന രണ്ട് സമരങ്ങളാണ് അതിന്റെ തുടക്കം. ആദ്യത്തെ സമരത്തിന്റെ കാരണം കാമ്പസിലെ സയൻസ് വിഭാഗങ്ങളിൽ നടന്ന റിസർച്ച് അസിസ്റ്റന്റുകളെ നിയമിച്ചതിലെ സ്വജന പക്ഷപാതത്തിനെതിരെയായിരുന്നു. ഒരു റിസർച്ച് പ്രൊജക്ടിൽ അസിസ്റ്റൻറുമാരായി അപേക്ഷിച്ച കാമ്പസിൽ തന്നെയുള്ള യോഗ്യരായ രണ്ട് ഗവേഷണ വിദ്യാർത്ഥികളെ മറികടന്ന് അന്നത്തെ രജിസ്ട്രാറായിരുന്ന ഡോ.എസ്.ബാലരാമൻ തന്റെ നാട്ടുകാരും വേണ്ടപ്പെട്ടവരുമായ രണ്ടുപേരെ നിയമിച്ചു. അതിനെതിരെയായിരുന്നു സമരം.

രണ്ടാമത്തെ സമരം കാമ്പസിലെ ജല വിതരണവുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് ഡോ.എം.കെ പ്രസാദായിരുന്നു പിവിസി . വൈസ് ചാൻസലറായി ഡോ.ടി.വി.രവീന്ദ്രനെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ചാർജെടുത്തിരുന്നില്ല. പ്രസാദ് സാറ് സമരത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ദിവസങ്ങൾക്കകം ഡോ.ടി.കെ.രവീന്ദ്രൻ വി.സി യായി ചുമതലയേറ്റെടുത്തു. അദ്ദേഹം കുട്ടികളുമായി ചർച്ച ചെയ്യുകയുംസത്വര നടപടികളെടുക്കുകയും ചെയ്തതിനാൽ സമരം അവസാനിച്ചു. അന്ന് ഇടതുമുന്നണി ഭരണമായിരുന്നു. കാമ്പസിൽ പ്രവർത്തിച്ചിരുന്ന ഒരേ ഒരു വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ രണ്ടു സമരങ്ങളിലും ആദ്യം സഹകരിക്കുകയും പിന്നീട് ഓരോരോ കാരണങ്ങൾ കണ്ടെത്തി പിൻ വാങ്ങുകയുമാണ് ചെയ്തത്. ആദ്യത്തെ സമരം പരാജയപ്പെടാനുണ്ടായ പ്രധാന കാരണം ഇതായിരുന്നു. രണ്ടാമത്തെ സമരം വിജയത്തിലെത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞത് ഒന്നാമത്തെ സമരത്തിന്റെ പാഠങ്ങളുൾക്കൊണ്ടതിനാലാണ്. അതിന് നേതൃത്വം കൊടുത്തത് ഞങ്ങൾ മലയാള വിഭാഗം വിദ്യാർത്ഥികളാണ്.

സമരം വിജയിച്ചതോടെ ഞങ്ങൾ മലയാളവിഭാഗം വിദ്യാർത്ഥികൾക്ക് കാമ്പസിൽ വിദ്യാർത്ഥികളുടെ ഇടയിൽ നല്ല സ്വാധീനമുണ്ടായി. എസ്എഫ്ഐ അനുഭാവികളായ ഒരു വിഭാഗം പോലും ഞങ്ങൾക്കനുകൂലമായി. സംഘടിത ശക്തി അവർക്കു തന്നെയായിരുന്നു. പോരാത്തതിന് കാമ്പസിലെ എംപ്ലോയിസ് യൂണിയൻ എന്ന സിപിഎം സംഘടനയുടെ എല്ലാ വിധ പരിലാളനകളും സംരക്ഷണവും അവർക്കുണ്ടായരുന്നു. അങ്ങനെയിരിക്കെ കാമ്പസിൽ യൂണിയൻ ഇലക്ഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ എന്തു ചെയ്യണം എന്ന ആലോചന ഞങ്ങളുടെ ഗ്രൂപ്പ് നടത്തി. മത്സരിച്ച് സമയം കളയേണ്ടെന്ന് ഞങ്ങൾ പൊതുവായി തീരുമാനിച്ചു. പലർക്കും പരീക്ഷകളും തിസീസ് വർക്കുകളുമൊക്കെ ഉണ്ടായിരുന്നു. രണ്ടു സമരങ്ങൾ ഞങ്ങളുടെ പഠനസമയം വല്ലാതെ അപഹരിച്ചിരുന്നു. അപ്പോഴാണ് എസ്എഫ്ഐ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. യു.യു.സി സ്ഥാനാർത്ഥിയായി അന്ന് ഇംഗ്ലീഷ് എം.എ. വിദ്യാർത്ഥിനിയും സിന്റിക്കേറ്റ് അംഗവുമായ ആർ. ബിന്ദുവിനെ പ്രഖ്യാപിച്ചത്. സമരങ്ങൾ നടക്കുന്ന സമയത്ത് ഞങ്ങൾ പലവട്ടം ബിന്ദുവിനോട് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. പല കാര്യങ്ങളും സിന്റിക്കേറ്റിൽ ഉന്നയിക്കണമെന്നവരോട് ആവശ്യപ്പെട്ടിരുന്നു. അവരുന്നയിച്ചിട്ടുണ്ടാവാം. പക്ഷേ സിന്റിക്കേറ്റിൽ നടന്ന പ്രധാന ചർച്ച ഞങ്ങൾ കുറച്ച് വിദ്യാർത്ഥികളെ ഒതുക്കുന്നതിനെയും പുറത്താക്കുന്നതിനെക്കുറിച്ചുമായിരുന്നെന്നാണ് ഞങ്ങൾക്കു കിട്ടിയ വിവരം. ഇക്കാര്യമൊന്നും അവിടത്തെ വിദ്യാർത്ഥിയായിരുന്നിട്ടും ബിന്ദു ഞങ്ങളോട് പറഞ്ഞിരുന്നില്ല. 

ഇന്നത്തെ പോലെ അന്നും സിന്റിക്കേറ്റ് സിപിഎമ്മിന് ഭൂരിപക്ഷമുള്ള തായിരുന്നു. എൽഡിഎഫി ന് ഭരണം കൂടിയുണ്ടായിരുന്നതിനാൽ അവരുടെ ഏകഛത്രാധിപത്യമെന്നൊക്കെ പറയാം. കാമ്പസിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടേയും പിന്തുണ ഞങ്ങൾക്കുണ്ടായിരുന്നു. ഡോ.എം.ജി.എസ് നാരായണൻ ,എം.എൻ കാരശേരി, ആർ. വിശ്വനാഥൻ തുടങ്ങിയ ചുവന്ന വാലില്ലാത്ത അധ്യാപകരുടേയും പിന്തുണ ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾക്കെതിരെ നടപടിയെടുത്താൽ സിൻറിക്കേറ്റിലെ ചില  ഇടതു പ്രൊഫസർമാരെ ഞങ്ങൾ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞപ്പോൾ കാരശേരി മാഷ് എന്നെ വിളിച്ച് ഉപദേശിച്ചത് ഇപ്പോഴും ഓർമയുണ്ട്. ഞങ്ങൾ വെറുതെ അലമ്പും ഗുണ്ടായിസവും നടത്തിയിരുന്നവരല്ല. ചിന്തിക്കുകയും പഠിക്കുകയും പ്രതികരിക്കുകയും ചെയ്തവരായിരുന്നു. അതുകൊണ്ടാണ് കാമ്പസ് ഞങ്ങളെ സ്നേഹിച്ചതും സംരക്ഷിച്ചതും.

കേരള യൂണിവേഴ്സിറ്റിയിൽ സുകന്യ ചെയർമാനായി വാർത്താപ്രാധാന്യം നേടിയിരുന്നു. അതു പോലെ ഇവിടെ ആർ.ബിന്ദുവിനെ ചെയർമാനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനെ ചെറുക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. പോയവർഷം യൂണിയനിൽ എസ്എഫഐയുടെ ജനറൽ ക്യാപ്റ്റനും, പേരാമ്പ്രയിലെ ഒരു പ്രമുഖ സിപിഎം കുടുംബാംഗവുമായ അജയകുമാറിനെ ബിന്ദുവിനെതിരെ ഞങ്ങൾ മത്സരിപ്പിച്ചു. എല്ലാ സ്ഥാനങ്ങളിലേക്കും എസ്എഫഐ ജയിച്ചു. യു.യു.സി സ്ഥാനത്തേക്ക് മാത്രം മത്സരം നടന്നു. എസ്എഫഐ അവരുടെ പ്രെസ്റ്റീജ് മത്സരമായാണെടുത്തത്. അന്ന് അവരുടെ അഖിലേന്ത്യാ നേതാവായിരുന്ന എ.വിജയരാഘവൻ പോലും കാമ്പസിൽ വന്നിരുന്നു. വാശിയേറിയ ഇലക്‌ഷൻ പ്രചാരണത്തിനൊടുവിൽ വോട്ടെടുപ്പ് നടന്നു. വോട്ടെണ്ണലിൽ തലശേരി സെന്ററിൽ നിന്ന് വന്ന വോട്ടുകളുടെ പാക്കറ്റ് പൊളിഞ്ഞ നിലയിലായിരുന്നു. അന്ന് വോട്ടുകളുമായി തലശേരിയിൽ നിന്നു വന്നയാളെ കാമ്പസിലെ ഒരു റിസർച്ചു സ്കോളറായ എസ്എഫഐ നേതാവ് അനുഗമിച്ചിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടിയിരുന്നു. അതുവരെ എണ്ണിയ വോട്ടുകളിൽ ഭൂരിപക്ഷം അജയനായിരുന്നു. തലശേരിയിലെ പെട്ടി എണ്ണാൻ പറ്റില്ലെന്ന് അജയന്റെ കൗണ്ടിങ്ങ് ഏജന്റായ ഞാൻ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ ഏജൻറായിരുന്ന ഏ.വി. അനിൽകുമാർ എണ്ണ ണമെന്ന ആവശ്യമുന്നയിച്ചു. എണ്ണൽ മുറിയിൽ വെച്ച് ഞാനും അനിലും തമ്മിൽ വഴക്കായി. എന്തായാലും കൗണ്ടിങ്ങ് നിർത്തി വെച്ചു. ആ വർഷം കാമ്പസിന് യു.യു.സി ഉണ്ടായില്ല.

യുയുസി ഇല്ലാതെ തന്നെ സത്യപ്രതിജ്ഞയും ഉദ്ഘാടനവും നടത്താൻ തീരുമാനിച്ചു. ഉദ്ഘാടനം നടക്കുമ്പോൾ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ, മഹേഷ് മംഗലാട്ട് , കെ. വിദ്യാസാഗർ, സി.ജെ.ജോർജ് , വിജു നായരങ്ങാടി എന്നിവരായിരുന്നു സ്കോഡിലുണ്ടായിരുന്നത്. ഞങ്ങൾ കൂടിയിരുന്ന് ആലോചിച്ചു. എസ്എഫ്ഐയുടെ മലപ്പുറം ജില്ലയിലെ നേതാക്കൾ സമ്മേളനത്തിന് സംരക്ഷണം നൽകാനെത്തുമെന്ന വിവരം ഞങ്ങൾക്ക് നേരത്തെ കിട്ടിയിരുന്നു. പോകുമ്പോൾ സ്വയരക്ഷയ്ക്ക് ആയുധങ്ങൾ വല്ലതും കരുതണോ എന്ന ആലോചന രസമുള്ളതായിരുന്നു. ആയുധങ്ങളുപയോഗിക്കാനറിയുന്ന ആരും ഞങ്ങളുടെ കൂട്ടത്തിലില്ലായിരുന്നു. വെറുതെ നമ്മളെ കുത്താൻ നമ്മള് തന്നെ കത്തി കൊണ്ടുപോയി കൊടുക്കണ്ട എന്നായിരുന്നു അന്തിമ തീരുമാനം. പ്രൊ.ഹൈമവതി തായാട്ടായിരുന്നു ഉദ്ഘാടക. ടീച്ചർ നിലവിളക്ക് കൊളുത്താൻ തുടങ്ങിയതും ഞങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. സെക്കന്റ് വെച്ച് ഞങ്ങൾ അഞ്ചാളും പറന്നെന്നോ ണം മുറ്റത്തേക്ക് തെറിച്ചു. പിന്നെ കിട്ടിയ അടിക്ക് കണക്കില്ല (ഒരു പക്ഷേ അതുകൊണ്ടാകാം മുത്തങ്ങ കാലത്തെ പൊലീസ് മർദ്ദനത്തെ എനിക്കതിജീവിക്കാനായത് ).  ഞങ്ങൾ വേച്ചും മുടന്തിയും വേദനിച്ചും ഹോസ്റ്റലിലേക്ക് നടന്നു. ഹോസ്റ്റൽ റൂമിൽ വെച്ച് വേദനിക്കുന്ന ഭാഗങ്ങളിൽ എണ്ണ തേച്ച് പരസ്പരം ഉഴിഞ്ഞു.

കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രിയുടെ ബസ്സിനു നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് കാരെ സഖാക്കൾ കൈകാര്യം ചെയ്തത് ജീവൻ രക്ഷാപ്രവർത്തനമാണെന്നും അത് തുടരുമെന്നും പറഞ്ഞപ്പോൾ വെറുതെ ഓർത്തതാണ്.

(റിട്ട: ഡയറ്റ് (DIET) സീനിയർ ലക് ചററാണ് ലേഖകൻ, ദീർഘകാലം അധ്യാപകനായി വിരമിച്ചു. ആദിവാസി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മുത്തങ്ങ സംഭവത്തിൽ അറസ്റ്റു ചെയ്യപ്പെട്ടു. ഭീകര പൊലീസ് മർദ്ദനം ഏറ്റു. ജയിൽവാസം അനുഭവിച്ചു. ആദിവാസി വിഷയങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്നു. ലേഖനത്തിലുള്ളത് ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണങ്ങളുമാണ്)

English Summary:

Retired lecturer explains his personal experiences of SFI activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com