നവകേരള സദസ്സിന് മുനിസിപ്പൽ ഫണ്ട്: സെക്രട്ടറി തീരുമാനിച്ചാൽ പോരെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ നവകേരള സദസ്സിന് തനതു ഫണ്ടിൽനിന്നു പണം ചെലവാക്കാൻ മുനിസിപ്പൽ സെക്രട്ടറിമാർക്കു സർക്കാർ നൽകിയ അധികാരം ഹൈക്കോടതി സ്റ്റേ ചെയ്തു. മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനമോ ചെയർപഴ്സന്റെ നിർദേശമോ ഇല്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിക്കു നൽകിയ അധികാരമാണ് ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കുംവരെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തത്. കൗൺസിൽ തീരുമാനമെടുത്താൽ മാത്രമേ മുനിസിപ്പൽ ഫണ്ടിൽനിന്നു നവകേരള സദസ്സിനു പണം ചെലവഴിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
പറവൂർ മുനിസിപ്പൽ ചെയർപഴ്സൻ ബീന ശശിധരൻ നൽകിയ ഹർജിയിലാണ് തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തത്. നിർബന്ധിത സ്വഭാവമുള്ള ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹർജിയിലെ വാദം.
ഒരു പ്രത്യേക കാര്യത്തിനായി മുനിസിപ്പൽ ഫണ്ട് ചെലവാക്കണമെന്ന് ഉത്തരവിടാൻ മുനിസിപ്പാലിറ്റി നിയമം സർക്കാരിന് അധികാരം നൽകുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, നവകേരള സദസ്സിനു സാമ്പത്തിക സഹായം നൽകണമെന്നു നിർബന്ധപൂർവം നിർദേശിച്ചിട്ടില്ലെന്നു സർക്കാർ വ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപനം തീരുമാനമെടുത്താൽ പണം ചെലവാക്കുന്നതിനുള്ള അനുമതിയാണു നൽകിയതെന്നും വിശദീകരിച്ചു. എന്നാൽ, നവകേരള സദസ്സിനു പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്കും അനുമതി നൽകുന്നതാണ് സർക്കാർ ഉത്തരവെന്നും ഇതു നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.