തട്ടിക്കൊണ്ടുപോയ കുട്ടിയെ താമസിപ്പിച്ചത് ഫാമിലെ വീട്ടിൽ?

Mail This Article
കൊല്ലം ∙ വ്യാഴം ഉച്ചയ്ക്ക് ഒരു മണി കഴിയുന്നതു വരെ പത്മകുമാറും ഭാര്യയും മകളും ചാത്തന്നൂരിനടുത്ത് പോളച്ചിറ തെങ്ങുവിളയിലെ ഫാമിൽ ഉണ്ടായിരുന്നു. മൂന്നരയേക്കറിലാണു ഫാം. ചെറിയൊരു വീട്, ഉപയോഗിക്കാതെ കിടക്കുന്ന കാർ, കെട്ടിയിട്ടിരിക്കുന്ന നായകൾ എന്നിവ ഫാമിലുണ്ട്.
ഈ ഫാമിൽ ഓട് പാകിയ വീട് ഉണ്ട്. കുട്ടിയെ ഒളിവിൽ പാർപ്പിച്ചത് ഈ വീട്ടിലാകാം എന്നാണു കരുതുന്നത്. ഫാമിൽ ഇന്നലെ സന്ധ്യയ്ക്കു പൊലീസ് പരിശോധന നടത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഇവിടെ നിന്നു കണ്ടെടുത്തു. ജോലിക്കാരി ഷീബയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.
രണ്ടു ദിവസം മുൻപുതന്നെ നാടു വിട്ടു പോകാനുള്ള ഒരുക്കം പത്മകുമാർ നടത്തിയിരുന്നു. വീട്ടിൽ വളർത്തിയിരുന്ന 9 നായ്ക്കളെ ഫാമിലേക്കു മാറ്റി. ഫാമിൽ വേറെ 6 നായ്ക്കൾ ഉണ്ട്. ഗ്രാമപ്പഞ്ചായത്തിൽ നിന്നു പരിശോധനയ്ക്കു വരുന്നതിനാൽ നായ്ക്കളെ ഫാമിലേക്കു മാറ്റുന്നു എന്നാണു പറഞ്ഞത്. 2 പശുക്കളും കുട്ടികളുമായി 6 മാടുകൾ ഫാമിലുണ്ട്. പശുവിന്റെ പാൽ കറക്കാറില്ല. അതിന്റെ കുട്ടികൾ കുടിക്കുകയാണു പതിവ്.