ADVERTISEMENT

കൊച്ചി ∙ കോൺഗ്രസ് നേതൃനിരയെ സാക്ഷിനിർത്തി രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾത്തന്നെ ആരംഭിക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആഹ്വാനം ചെയ്തു. എല്ലാ ബൂത്തുകളിലും ചുരുങ്ങിയതു 2 മുഴുവൻസമയ പ്രവർത്തകരെയെങ്കിലും സജ്ജമാക്കണം. ജനങ്ങൾ പൂർണമായി വെറുത്ത ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ശക്തമായ പോരാട്ടത്തിനു യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങണം.

എല്ലാ ദിവസവും സമരം ചെയ്യുന്നതിനോടു യോജിപ്പില്ലെന്നും എന്നാൽ സമരമുഖങ്ങൾ തുറക്കേണ്ട സമയത്ത്  യൂത്ത് കോൺഗ്രസ് അതിനു സജ്ജമാകണമെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ മാതൃകയിൽ 5 മാസത്തിനുള്ളിൽ മണ്ഡലം കമ്മിറ്റികളിൽ വരെ തിരഞ്ഞെടുപ്പു നടത്താൻ യൂത്ത് കോൺഗ്രസിനു കഴിയണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഓർമിപ്പിച്ചു. 

മുൻ പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുള്ളവർ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന സംസ്ഥാന കമ്മിറ്റിയെ പാർട്ടി നേതൃത്വത്തിൽ ഉൾക്കൊള്ളാൻ കോൺഗ്രസ് തയാറാകണമെന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. 

യുഡിഎഫ് കൺവീനർ എം.എം.ഹസൻ, രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എംപി, കെ. സി. ജോസഫ്, ജെബി മേത്തർ എംപി, ടിറ്റോ ആന്റണി എന്നിവർ പ്രസംഗിച്ചു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, റോജി ജോൺ, എൽദോസ് കുന്നപ്പിള്ളി, പി. സി.വിഷ്ണുനാഥ്, ടി. സിദ്ദിഖ്, എ. പി. അനിൽകുമാർ, അൻവർ സാദത്ത്, ഉമ തോമസ്, എം. വിൻസന്റ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം. ലിജു എന്നിവരും പങ്കെടുത്തു.

English Summary:

Youth Congress new office bearers take charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com