ADVERTISEMENT

കൊല്ലം ∙ സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോൾ ചെറുക്കാൻ ശ്രമിക്കുകയും കാറിനെയും അതിലുള്ളവരെയും കുറിച്ച് കൃത്യം വിവരങ്ങൾ നൽകുകയും ചെയ്ത സഹോദരൻ തന്നെയാണ് ‘ഹീറോ നമ്പർ വൺ’ എന്ന് എഡിജിപി എം.ആർ.അജിത്കുമാർ. 9 വയസ്സുകാരനായ സഹോദരന് പ്രത്യേക സമ്മാനങ്ങളും അദ്ദേഹം നൽകി. ഒന്നര  വർഷം മുൻപ് ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകൽ പദ്ധതി പത്മകുമാറിന്റെ അമ്മ പറഞ്ഞതനുസരിച്ച് ഉപേക്ഷിച്ചിരുന്നു. അമ്മ മരിച്ചതിനു ശേഷമാണ് പദ്ധതി പുനരാവിഷ്കരിച്ചത്. ആദ്യ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വർഷം മുൻപാണ്. പിന്നീട് ഒരു മാസം മുൻപും. കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കാഞ്ഞത് കുട്ടികൾക്കൊപ്പം മുത്തശ്ശി കൂടെയുണ്ടായിരുന്നതു കൊണ്ടാണ്. 

രണ്ടാമത്തെ ഹീറോയായി എഡിജിപി വിശേഷിപ്പിച്ചത് തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയെയാണ്. അവൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം വരച്ചത്. ആ രേഖാചിത്രം വരച്ച ആർട്ടിസ്റ്റ് ഷാജിത്തും ഭാര്യ സ്മിതയുമാണ് മൂന്നാമത്തെ ഹീറോകൾ. 

വസ്ത്രത്തിനിടയിൽ മഞ്ഞടോപ്പ് 

പ്രതികളെ പിടികൂടിയത് കൊല്ലം സിറ്റി പൊലീസിന്റെ ഡാൻസാഫ് എന്ന സ്പെഷൽ സ്ക്വഡിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ. സൈബർ സെൽ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പത്മകുമാറിന്റെ വീട്ടിൽ എത്തിയപ്പോഴേക്കും പ്രതികൾ മുങ്ങിയിരുന്നു. തുടർന്നു ലഭിച്ച മൊബൈൽ ലൊക്കേഷനാണ് തമിഴ്നാട്ടിലേക്ക് സംഘത്തെ എത്തിച്ചത്. 

പിടികൂടിയശേഷം തിരികെയുള്ള യാത്രയിൽ തന്നെ മൂവരെയും പൊലീസ് സംഘം പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. പത്മകുമാറിന്റെ മൊബൈൽ ഫോണിൽ ഒട്ടേറെ സ്വിഫ്റ്റ് ഡിസൈർ കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നു. വ്യാജ നമ്പർപ്ലേറ്റുകൾ നിർമിക്കാനാണ് ഇവ ഉപയോഗിച്ചത്. അനിതകുമാരിയുടെ വസ്ത്രത്തിനിടയിൽ നിന്ന് മഞ്ഞടോപ്പ് കണ്ടെത്തി. അതു ധരിച്ചാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.

പ്രതികളുടെ യാത്ര 

നവംബർ 27

∙ വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്നും പ്രതികൾ‌ ബാലികയെ തട്ടിയെടുക്കുന്നു. 

∙ ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിൽ ബാലികയെയും അനുപമയെയും വിട്ടിട്ട് പത്മകുമാറും അനിതകുമാരിയും കാറിൽ ചുറ്റിക്കറങ്ങി 

∙ കുളമടയ്ക്ക് അടുത്ത് കിഴക്കേനേലയിലെ കടയിൽ ഓട്ടോറിക്ഷയിൽ എത്തുന്നു. റസ്കും ബിസ്കറ്റും തേങ്ങയും വാങ്ങി. കടയുടമയുടെ ഭാര്യയുടെ    ഫോണിൽ നിന്ന് ബാലികയുടെ അമ്മയുടെ ഫോണിലേക്കു വിളിക്കുന്നു. 

∙ തിരികെ വീട്ടിലേക്കു മടങ്ങുന്നു. 

നവംബർ 28

∙ നീലക്കാറിൽ കൊല്ലത്തേക്ക്, ദേശീയപാത വഴി യാത്ര. 

∙ കാർ ആശ്രാമം ലിങ്ക് റോഡിൽ നിർത്തുന്നു. അനുപമയെ കാറിലിരുത്തി പത്മകുമാറും അനിതകുമാരിയും ബാലികയുമായി പുറത്തേക്ക്. 

∙ അനിതകുമാരി ബാലികയുമായി ഓട്ടോയിൽ കയറുന്നു. പത്മകുമാർ മറ്റൊരു ഓട്ടോയിൽ പിന്തുടരുന്നു. 

∙ ഉച്ചയ്ക്ക് 1.15ന് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നു. പത്മകുമാർ അവിടെ കാത്തുനിൽക്കുന്നു. 

∙ മറ്റൊരു ഓട്ടോറിക്ഷയിൽ ഇരുവരും ബിഷപ് ജെറോം നഗറിലേക്ക്. 

∙ അനിതകുമാരിയെ അവിടെ വിട്ട് വേറൊരു ഓട്ടോയിൽ പത്മകുമാർ വീണ്ടും ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക്. 

∙ മകൾക്കൊപ്പം കാറിൽ ബിഷപ് ജെറോം നഗറിലെത്തിയശേഷം ഭാര്യയെ കൂട്ടി വീട്ടിലേക്കു മടങ്ങി. 

നവംബർ 30

∙ പ്രതികൾ നാടുവിടുന്നു. ചെങ്കോട്ട, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങി, തിരികെ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു. 

∙ പൊലീസ് സംഘം പ്രതികളുടെ വീട്ടിലെത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ. മുറ്റത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ. 

ഡിസംബർ 1

∙ രാവിലെ കൊല്ലം സിറ്റി പൊലീസിന്റെ ഡാൻസാഫ് സംഘം തമിഴ്നാട്ടിലേക്ക്. 

∙ പ്രതികൾ സഹായി പറഞ്ഞതനുസരിച്ച് പുളിയറയിലെ മലയാളി ഹോട്ടലിൽ എത്തി ഉച്ചഭക്ഷണം കഴിക്കുന്നു. 

∙ പൊലീസ് സംഘം പ്രതികൾ പുറത്തിറങ്ങാൻ കാത്തിരിക്കുന്നു. 

∙ കാറിൽ കയറും മുൻപ് പ്രതികളെ പിടിക്കുന്നു, കാറും കസ്റ്റഡിയിൽ. 

∙ പ്രതികളുമായി പൊലീസ് സംഘം അടൂർ കെഎപി ബറ്റാലിയൻ ക്യാംപിലേക്ക് വൈകിട്ട് നാലരയോടെ എത്തുന്നു. 

∙ രാത്രി 12 വരെ ചോദ്യം ചെയ്യൽ തുടരുന്നു. 

ഡിസംബർ 2

∙ രാവിലെ ചോദ്യം ചെയ്യൽ തുടരുന്നു. 

∙ ഉച്ചയ്ക്ക് ഒന്നോടെ പൂയപ്പളളി സ്റ്റേഷനിൽ എത്തിച്ചു നടപടികൾ പൂർത്തിയാക്കുന്നു. 

∙ 2.15ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിക്കുന്നു. 

∙ മൂവരും 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ. 

English Summary:

ADGP congratulates kollam kidnapped girl's brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com