അത്താണിയിൽ കോടികളുടെ രാസലഹരി പിടികൂടി
Mail This Article
ആലങ്ങാട്(കൊച്ചി) ∙ തത്തപ്പിള്ളി അത്താണിയിൽ കോടികളുടെ രാസലഹരി പിടികൂടി. പ്രതികളായ 3 പേർ അറസ്റ്റിൽ. ഒരാൾ കടന്നുകളഞ്ഞു. ചലച്ചിത്ര നിർമാണ പ്രവർത്തനങ്ങൾക്കെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിൽ എത്തിയ രണ്ടു കാറുകളിൽ നിന്നാണു 1.81 കിലോഗ്രാം രാസലഹരിയുമായി സംഘം പിടിയിലായത്. വീട്ടുവളപ്പിലേക്കു കയറിയ കാറുകൾ പിന്തുടർന്നെത്തിയ പൊലീസ് 3 പേരെ പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാളാണു കടന്നുകളഞ്ഞത്.
ആലങ്ങാട് നീറിക്കോട് തേവരപ്പിള്ളി വീട്ടിൽ നിധിൻ വിശ്വം (25), കരുമാലൂർ തട്ടാംപടി കണ്ണൻകുളത്തിൽ വീട്ടിൽ നിധിൻ കെ.വേണുഗോപാൽ (അംബുരു–28), വീട് വാടകയ്ക്കെടുത്ത പെരുവാരം ശരണം വീട്ടിൽ അമിത്ത് കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. വാണിയക്കാട് കുഴുപ്പിള്ളി വീട്ടിൽ നിഖിൽ പ്രകാശാണു (31) കാറിൽ നിന്ന് ഇറങ്ങിയോടിയത്. ആദ്യം ഇവരുടെ കയ്യിൽ നിന്നു 16 ഗ്രാം രാസലഹരിയാണു പൊലീസ് പിടിച്ചെടുത്തത്. കൂടുതൽ പരിശോധനകളുടെ ഭാഗമായി സ്റ്റെപ്പിനിയായി വച്ചിരുന്ന ടയർ കീറി പരിശോധിച്ചപ്പോഴാണു നാലു പായ്ക്കറ്റുകളിലായി 1.81 കിലോഗ്രാം രാസലഹരി കണ്ടെത്തിയത്. പിടികൂടിയ രാസലഹരിക്കു വിപണിയിൽ കോടികൾ വില വരും.
കഴിഞ്ഞവർഷം നീറിക്കോട് ലഹരിസംഘത്തിനെതിരെ പ്രതികരിച്ച ഗൃഹനാഥൻ ചവിട്ടേറ്റു മരിച്ച കേസിലെ പ്രതിയാണ് നിധിൻ വിശ്വം. നിധിൻ കെ.വേണുഗോപാലും ലഹരി വിൽപന കേസിലെ പ്രതിയാണ്. ഡിവൈഎസ്പിമാരായ പി.പി.ഷംസ്, എം.കെ.മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി.നായർ, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.