കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പ്: എം.എം.വർഗീസിനെ മൂന്നാമതും വിളിപ്പിച്ച് ഇ.ഡി
Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ മൂന്നാമതും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടിസ് നൽകി. ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ചൊവ്വാഴ്ച ഹാജരാവാനാണു നിർദേശിച്ചിട്ടുള്ളത്.
കരുവന്നൂർ ബാങ്കിൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റിക്ക് 2 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന സാക്ഷിമൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇ.ഡി. ഇതിന്റെ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു പാർട്ടിയുടെ പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യും. ബാങ്കിൽ നിന്ന് അനധികൃതമായി വായ്പ ലഭിക്കുന്നവർ പാർട്ടിക്കു കമ്മിഷൻ നൽകിയിരുന്നതായാണു സാക്ഷി മൊഴി. കേസിലെ ചില പ്രതികളും ഇതേ സാക്ഷി മൊഴി ആവർത്തിച്ചിട്ടുണ്ട്.കരുവന്നൂർ ബാങ്കിൽ നിന്നു ബെനാമി വായ്പകൾ അനുവദിക്കാൻ പാർട്ടിയുടെ രണ്ട് ഉപസമിതികൾ പ്രവർത്തിച്ചിരുന്നതായും ഇ.ഡിക്കു മൊഴി ലഭിച്ചിരുന്നു. ഇക്കാര്യം ഇ.ഡി. വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്.