ADVERTISEMENT

തിരുവല്ല ∙ ആത്മീയ ധന്യതയിൽ മാർത്തോമ്മാ സഭയിൽ 3 എപ്പിസ്കോപ്പമാർ കൂടി അഭിഷിക്തരായി. സഖറിയാസ് മാർ അപ്രേം (സാജു സി.പാപ്പച്ചൻ റമ്പാൻ), ഡോ. ജോസഫ് മാർ ഇവാനിയോസ് (ജോസഫ് ഡാനിയൽ റമ്പാൻ), മാത്യൂസ് മാർ സെറാഫിം (മാത്യു കെ.ചാണ്ടി റമ്പാൻ) എന്നിവരാണു സഭയുടെ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ. 

എസ്‌സി സെമിനാരി ഗ്രൗണ്ടിലൊരുക്കിയ പ്രത്യേക മദ്‌ബഹായിലായിരുന്നു സ്‌ഥാനാഭിഷേകം. രാവിലെ 7ന് സെന്റ് തോമസ് പള്ളിയിലെ പ്രാർഥന കഴിഞ്ഞു ഘോഷയാത്രയായാണ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും സഫ്രഗൻ മെത്രാപ്പൊലീത്താമാരും എപ്പിസ്കോപ്പമാരും നിയുക്ത ബിഷപ്പുമാരും എത്തിയത്. കുർബാന മധ്യേയായിരുന്നു സ്‌ഥാനാഭിഷേക ശുശ്രൂഷ. ആരോഹണ ഗീതത്തിന്റെ പശ്‌ചാത്തലത്തിൽ അൾത്താരയിലേക്കു പ്രവേശിച്ചതോടെ ചടങ്ങുകൾ തുടങ്ങി. 

‘മലങ്കര ശ്ലീഹായ്‌ക്കടുത്ത സിംഹാസനത്തിന്റെ അധികാരത്തിലുള്ള വിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പ സ്‌ഥാനത്തേക്കു പരിശുദ്ധ റൂഹാ റമ്പാൻമാരെ വിളിക്കുന്നു’ എന്ന് റമ്പാൻമാരുടെ കൈപിടിച്ചു മാർത്തോമ്മാ മെത്രാപ്പൊലീത്ത നിയോഗ പ്രസ്‌താവന നടത്തിയപ്പോൾ ‘അതു ഞാൻ സമ്മതിച്ചുകൊള്ളുന്നു’ എന്നവർ പ്രതിവചിച്ചു. തുടർന്ന്, സത്യവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മതപത്രമായ ‘ശൽമൂസ’ വായിച്ചശേഷം റമ്പാൻമാർ മുട്ടുകുത്തി ശിരോവസ്‌ത്രം മാറ്റി. മെത്രാപ്പൊലീത്ത ഓരോ റമ്പാന്റെയും തലയിൽ കൈവച്ചു പുതിയ പേര് അറിയിച്ച് എപ്പിസ്കോപ്പ പട്ടം നൽകുന്നതായി പ്രഖ്യാപിച്ചു.

തുടർന്ന് സ്‌ഥാനവസ്‌ത്രങ്ങൾ അണിയിച്ച് സിംഹാസനത്തിലിരുത്തി. വൈദികർ സിംഹാസനം ഉയർത്തിപ്പിടിച്ചപ്പോൾ മെത്രാപ്പൊലീത്ത ‘എപ്പിസ്‌കോപ്പ യോഗ്യനും ഉത്തമനും ആകുന്നു’ എന്നു പ്രസ്‌താവിച്ചു. എല്ലാവരുംകൂടി മൂന്നു തവണ അതേ അർഥമുള്ള ‘ഓക്‌സിയോസ്’ ചൊല്ലി. തുടർന്ന് പുതിയ ബിഷപ്പുമാർക്ക് അംശവടി നൽകി. മദ്‌ബഹയിലെത്തി ആശീർവാദം നൽകിയ അവർ മറ്റു ബിഷപ്പുമാരുടെ സ്‌നേഹചുംബനങ്ങൾ ഏറ്റുവാങ്ങി. 

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. 12 വർഷത്തിനു ശേഷമാണ് മാർത്തോമ്മാ സഭയിൽ ബിഷപ് സ്‌ഥാനാരോഹണം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com