ആ നാലാമൻ എവിടെ? ഈ രേഖാചിത്രം ആരുടെ? നഴ്സിങ് പ്രവേശന വിവാദമോ?; ഇതാ 8 പൊരുത്തക്കേടുകൾ

Mail This Article
പൊലീസിന്റെ ചില വാദങ്ങൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ 27 മുതൽ നടന്ന സംഭവങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. പൊലീസിന്റെ തിരക്കഥയെന്നു പോലും ആരോപണമുയരുന്നു.
∙ നാലാമതൊരാൾ ?
കാറിൽ സ്ത്രീകളടക്കം 4 പേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്റെ മൊഴി. എന്നാൽ, അപ്പോഴത്തെ അങ്കലാപ്പിലാണ് ഇങ്ങനെ പറഞ്ഞതെന്നും കേസിൽ പത്മകുമാർ, ഭാര്യ, മകൾ എന്നിവർക്കു മാത്രമാണു പങ്കെന്നും എഡിജിപി എം.ആർ.അജിത്കുമാർ പറയുന്നു.
തട്ടിക്കൊണ്ടുപോകൽ ശ്രമത്തെ അവസാനം വരെ ചെറുത്ത കുട്ടിക്ക് ഇത്തരത്തിൽ തെറ്റുപറ്റുമോ ? അവനാണ് ഈ സംഭവത്തിലെ ആദ്യ ഹീറോയെന്നുവരെ എഡിജിപി വിശേഷിപ്പിച്ചതാണ്.
∙ ആദ്യ രേഖാചിത്രം ?
3 പ്രതികള്‍ മാത്രമെങ്കിൽ, പൊലീസ് 28നു പുലർച്ചെ പുറത്തുവിട്ടത് ആരുടെ രേഖാചിത്രം ? പൊലീസ് പറയുന്നതനുസരിച്ചാണെങ്കിൽ പത്മകുമാറും ഭാര്യ അനിതകുമാരിയും പാരിപ്പള്ളി കിഴക്കനേലയിലെ കടയിൽ സാധനം വാങ്ങാൻ പോയിരുന്നു. ഇവിടെനിന്നു ഫോൺ വാങ്ങിയാണു കുട്ടിയുടെ അമ്മയെ വിളിച്ചത്. സ്ത്രീക്കൊപ്പമുണ്ടായിരുന്ന പുരുഷന്റേതെന്നു പറഞ്ഞു തയാറാക്കിയ ആ രേഖാചിത്രത്തിനു പത്മകുമാറുമായി ഒട്ടും രൂപസാദൃശ്യമില്ല.
∙ എത്ര ഫോൺ കോൾ ?
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ മാത്രമാണു വന്നതെന്നും 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും എഡിജിപി പറയുന്നു. എന്നാൽ, 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്കു കോൾ എത്തിയത് ചാനൽ ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീടാണ് 10 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോൺ വന്നത്. ഒരു കോൾ മാത്രമെന്നു പറയുന്നത് എന്തുകൊണ്ട് ?
∙ ലൊക്കേഷൻ അറിഞ്ഞതെങ്ങനെ ?
പ്രതികൾ ഓപ്പറേഷനിലുടനീളം ഫോൺ ഉപയോഗിച്ചില്ലെന്ന് പൊലീസ്. എന്നാൽ, മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അതേ പൊലീസ് പറയുന്നു. കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പ്രതികളുടെ ഫോൺ ആശ്രാമം മൈതാനത്തെ ടവർ പരിസത്തുണ്ടായിരുന്നുവെന്ന് എഡിജിപി പറഞ്ഞതിലും വൈരുധ്യം.
∙ നമ്പർ കിട്ടിയതെങ്ങനെ ?
കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ പ്രതികൾക്കു കിട്ടിയതെങ്ങനെ ? തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന സമയത്ത് വീട്ടിൽ നൽകണമെന്നുപറഞ്ഞ് കുട്ടികൾക്കു നൽകിയ കുറിപ്പിൽ കുട്ടിയുടെ മുത്തച്ഛന്റെ കടയിലെ ഫോൺ നമ്പർ ചേർത്തിരുന്നുവെന്നും ആ നമ്പറിലേക്കു വിളിക്കുമെന്നുമായിരുന്നത്രേ ഉണ്ടായിരുന്നത്. എന്നാൽ, ആ നമ്പറിലേക്കു പ്രതികൾ വിളിച്ചിട്ടില്ല. പിടിവലിക്കിടെ കുറിപ്പ് കാറിൽ വീണെന്നും പ്രതികൾ അതു കത്തിച്ചുകളഞ്ഞെന്നും പൊലീസ് പറയുന്നു.
∙ ബാധ്യത എത്ര ?
പത്മകുമാറിന് 5 കോടിയുടെ ബാധ്യതയെന്നു പൊലീസ്. 1.1 കോടി ബാധ്യതയുടെ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരള ബാങ്കിൽ 60 ലക്ഷം, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിൽ 10 ലക്ഷം, ചാത്തന്നൂർ അർബൻ ബാങ്കിൽ 25 ലക്ഷം, നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ 15 ലക്ഷം രൂപ എന്നിങ്ങനെ. പോളച്ചിറയിൽ 3 ഏക്കർ വസ്തു, തമിഴ്നാട്ടിൽ കൃഷി, ആഡംബര വീട്, 2 കാറുകൾ എന്നിവയുണ്ട്. 2 കാറു വിറ്റാലും പെട്ടെന്നുണ്ടായ ബാധ്യത തീർക്കാം. മകൾക്ക് യുട്യൂബിൽനിന്ന് മാസം 3.8– 5 ലക്ഷം രൂപ വരുമാനം കിട്ടുമെന്ന പൊലീസ് വാദം ശരിയെങ്കിൽ വർഷം 45–60 ലക്ഷം രൂപ വരുമാനം കിട്ടിയിരുന്നു. എന്നിട്ടും 10 ലക്ഷം രൂപയ്ക്കുവേണ്ടി തട്ടിക്കൊണ്ടു പോകുമോ ?
∙ അച്ഛന്റെ ആരോപണം ?
തന്നെയും താൻ ഭാരവാഹിയായ സംഘടനയെയും പൊലീസ് ടാർഗറ്റ് ചെയ്യുന്നതായി കുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. സംഘടനയിലെ ചിലരിൽനിന്നു പൊലീസ് വിവരങ്ങൾ തേടുകയും ചെയ്തു. നഴ്സിങ് പ്രവേശനത്തിന് 5 ലക്ഷം രൂപ കൊടുത്തിരുന്നുവെന്ന വാദം പൊലീസ് ഇപ്പോൾ നിഷേധിക്കുന്നു. പൊലീസ് ടാർഗറ്റ് ചെയ്യുന്നുവെന്ന് ആരോപിക്കാനിടയായ സാഹചര്യം എന്ത് ?
∙ ആശ്രാമത്തുനിന്ന് എങ്ങോട്ട് ?
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പത്മകുമാറും ഓട്ടോറിക്ഷയിൽ കൊല്ലം നഗരത്തിൽ തന്നെയുള്ള ബിഷപ് ജെറോം നഗറിൽ എത്തിയെന്നു പൊലീസ് പറയുന്നു. ഇത്തരത്തിൽ മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീ ആശ്രാമം മൈതാനത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറിയെന്ന് ഇതുവരെ ഒരു ഓട്ടോ ഡ്രൈവറും വെളിപ്പെടുത്താത്തതും ദുരൂഹം.