മഴ കുറഞ്ഞ്, മെലിഞ്ഞ് ഇടുക്കി അണക്കെട്ട്
Mail This Article
തൊടുപുഴ ∙ ഹാട്രിക്കില്ല; തുടർച്ചയായി 2 വർഷം 5 തവണ തുറന്ന ഇടുക്കി അണക്കെട്ട് ഈ വർഷം ഒരു തവണപോലും തുറന്നില്ല. റൂൾ കർവ് പരിധി അവസാനിച്ച നവംബർ 30 വരെ ഏറ്റവും ഉയർന്ന സംഭരണശേഷിയായ 2403 അടിവരെ വെള്ളം ശേഖരിക്കാൻ സാധിക്കുമായിരുന്നെങ്കിലും 2362.60 അടി മാത്രമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 57 ശതമാനമാണിത്. കഴിഞ്ഞ 100 വർഷത്തിനിടയിൽ മഴ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കാലവർഷമായിരുന്നു ഇത്തവണത്തേത്.
54 ശതമാനമാണ് ഇടുക്കി ജില്ലയിൽ മഴക്കുറവ്. ഇതുമൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെയാണു ജലനിരപ്പും കുറഞ്ഞത്. 2018ലെ മഹാപ്രളയത്തിനു ശേഷം ഇതുവരെ 7 തവണയാണു ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കു വിട്ടത്. അവസാനമായി വെള്ളം പുറത്തേക്കു വിട്ടശേഷം ഇന്ന് 478 ദിവസം പൂർത്തിയാകും.
ഷട്ടർ തുറന്നത് 11 തവണ
ചരിത്രത്തിൽ ഇതുവരെ 11 തവണ മാത്രമാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നത്. 2018നു ശേഷം 7 തവണ തുറന്നു. അതിനു മുൻപ് 1981ൽ രണ്ടുതവണയും 1992ൽ രണ്ടുതവണയും മാത്രമാണു ഷട്ടർ തുറന്നത്.
റൂൾ കർവ്
കഴിഞ്ഞ 35 വർഷത്തെ മഴയുടെ അളവ് അപഗ്രഥിച്ച് ഓരോ വർഷവും അണക്കെട്ടിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള വെള്ളത്തിന്റെ അളവു കണ്ടെത്തി അതുപ്രകാരം മഴക്കാല സീസണിൽ (ജൂൺ – നവംബർ 30) ഓരോ സമയത്തും സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ് മുൻകൂട്ടി തയാറാക്കിയ പട്ടികയാണു റൂൾ കർവ്.