ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും ബിരുദാനന്തരബിരുദവും ഒന്നാം റാങ്കോടെ നേടിയ ക്രിസ്റ്റി ഫെർണാണ്ടസ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ (സിഎസ്‌ഐആർ) ഗവേഷണ ഫെലോ ആയിരിക്കെയാണു സിവിൽ സർവീസ് പരീക്ഷ ജയിച്ചത്. ഗുജറാത്തിലെ ഖേഡയിൽ ജില്ലാ വികസന ഓഫിസറായി ആദ്യനിയമനം. തുടർന്ന് അവിടെ കലക്ടറായി.

ഗുജറാത്തിൽ ഫിഷറീസ് ഡവലപ്മെന്റ് കമ്മിഷണർ, എക്സ്പോർട് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ സിഎംഡി, നഗരവികസന പ്രിൻസിപ്പൽ സെക്രട്ടറി, ടൂറിസം – റവന്യു സെക്രട്ടറി, ഗുജറാത്തിന്റെ റസിഡന്റ് കമ്മിഷണർ, കേന്ദ്ര കൃഷി, പെട്രോളിയം മന്ത്രാലയങ്ങളിൽ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറി എന്നീ പദവികളിലും പ്രവർത്തിച്ചു. രാജ്യത്ത് ഏറ്റവുമധികം മത്സ്യം ഉൽപാദിപ്പിച്ചതിനുള്ള പുരസ്കാരം ഫിഷറീസ് കമ്മിഷണറായിരിക്കെ കരസ്ഥമാക്കി.

കയർ ബോർഡ് ചെയർമാനായിരിക്കെ കയർത്തൊഴിലാളി ഇൻഷുറൻസ്, യുഎൻഡിപി പദ്ധതി പ്രകാരം ക്ലസ്റ്റർ സംവിധാനം, റാട്ടുകളുടെ യന്ത്രവൽക്കരണം, ചെറുകിട സംരംഭകരെ കയറ്റുമതിക്കാരാക്കാനുള്ള പദ്ധതികൾ എന്നിവ ആവിഷ്കരിച്ചതിൽ നിർണായക പങ്കുവഹിച്ചു. രാഷ്ട്രപതിയുടെ സെക്രട്ടറിയായിരിക്കെ കൊല്ലം ബൈപാസിനു പണം അനുവദിക്കുന്നതിനു നിർണായക സമ്മർദം ചെലുത്തി. ബൈപാസ് നിർമാണത്തെക്കുറിച്ച് ആലോചിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു കൊല്ലത്തു കലക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചു. 2012 ജൂലൈയിൽ വിരമിക്കുന്നതുവരെയുള്ള 5 വർഷമാണ് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചത്.

വിരമിച്ചതിനുശേഷം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെ സിവിൽ സർവീസ് പരീക്ഷയ്ക്കു സജ്ജരാക്കുന്ന ട്രിയൂൺ അക്കാദമിയും സെന്റർ ഫോർ റെസ്പോൺസിബിൾ ആൻഡ് സസ്റ്റെയ്നബിൾ ബിസിനസ് എന്ന എച്ച്ആർ സ്ഥാപനവും സ്ഥാപിച്ചു. കേരളത്തിലെ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനിൽ അംഗമായിരുന്നു. ഉന്നതപദവികളിലും അഹങ്കരിക്കാതെ ക്രിസ്റ്റി: ടി.കെ.എ.നായർ (പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി)

ക്രിസ്റ്റി ഫെർണാണ്ടസിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണു കേട്ടത്.കാരണം, ഏറെ അടുപ്പമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ അറിഞ്ഞിരുന്നില്ല. ഡൽഹിയിൽ ഏറെക്കാലം ഒരുമിച്ചുണ്ടായിരുന്ന ഞങ്ങൾ‌ വളരെ പെട്ടെന്ന് അടുത്തു. കുടുംബസുഹൃത്തുക്കളായി. അദ്ദേഹം രാഷ്ട്രപതിയുടെ സെക്രട്ടറിയായപ്പോൾ ഒൗദ്യോഗികമായും എനിക്ക് വളരെ അടുത്ത് ഇടപഴകാനായി. ഇത്രയും സൗമ്യമായി എല്ലാവരോടും പെരുമാറുന്നവരെ അത്യപൂർവമായേ കണ്ടിട്ടുള്ളൂ. വളരെ സമർഥനായ ഉദ്യോഗസ്ഥനായിരുന്നു ക്രിസ്റ്റി. പെട്ടെന്ന് എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു. ഉന്നതപദവികളിൽ എത്തിയപ്പോഴും അഹങ്കരിക്കാത്ത വലിയ മനസ്സ് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചെയ്യുന്ന ജോലിയോടു പൂർണമായും ആത്മാർഥത കാട്ടുന്ന അദ്ദേഹത്തെക്കുറിച്ച് ഡൽഹിയിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ മതിപ്പുണ്ടായിരുന്നു.

English Summary:

Christy Fernandez: Starts at first rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com