ADVERTISEMENT

ന്യൂഡൽഹി ∙ 2005 ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കേസുകൾ റജിസ്റ്റർ ചെയ്തത് കേരളത്തിൽ. 376 കേസുകൾ. രാജ്യമാകെ 473 കേസുകൾ മാത്രമാണു റജിസ്റ്റർ ചെയ്തത്. കേരളം കഴിഞ്ഞാൽ ജാർഖണ്ഡ് (67), മധ്യപ്രദേശ് (10) എന്നീ സംസ്ഥാനങ്ങളാണു പട്ടികയിലുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിൽ ഒന്നോ രണ്ടോ കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമത്തെക്കുറിച്ചുള്ള പരിജ്ഞാനമില്ലായ്മ ആകാം മറ്റു സംസ്ഥാനങ്ങളിൽ ഈ വകുപ്പ് അനുസരിച്ചുള്ള കേസുകൾ കുറയാൻ കാരണം. ഭർത്താവിന്റെയോ ഭർതൃകുടുംബത്തിന്റെ ക്രൂരതയുമായി ബന്ധപ്പെട്ട് 5,094 കേസുകൾ കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ടുകളിലാണു വിവരങ്ങളുള്ളത്. 

രാത്രി അപകടം: കേരളം മൂന്നാമത് 

രാത്രിയിൽ നടക്കുന്ന വാഹനാപകടങ്ങളിൽ കേരളം മൂന്നാമത്. വൈകിട്ട് 6 മുതൽ 9 വരെയുള്ള സമയത്ത് കേരളത്തിൽ 9,089 അപകടങ്ങളാണ് നടന്നത്. രാജ്യമാകെയുള്ള അപകടങ്ങളിൽ ഏറിയ പങ്കും ഈ സമയത്താണ് നടന്നിട്ടുള്ളത്. തമിഴ്നാട്, മധ്യപ്രദേശ് എന്നിവയാണ് പട്ടികയിലാദ്യം.

2021നെ അപേക്ഷിച്ച് അപകടങ്ങളിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. 2021 ൽ 33,051 ആയിരുന്നത് 2022 ൽ 43,970 ആയി. 2022 ൽ മാത്രം 4,696 പേർ മരിച്ചു. രാജ്യമാകെയുള്ള അപകടങ്ങളിൽ 45.5 ശതമാനവും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടതാണ്. രാജ്യത്തെ ദേശീയപാതകളിൽ ഓരോ 100 കിലോമീറ്ററിലും 45 പേർ വാഹനാപകടത്തിൽ മരിക്കുന്നുവെന്നാണു കണക്ക്. 

ആത്മഹത്യയിൽ നാലാമത് 

രാജ്യമാകെ 1.7 ലക്ഷം പേരാണ് 2022 ൽ ആത്മഹത്യ ചെയ്തത്. മുൻവർഷമിത് 1.6 ലക്ഷമായിരുന്നു. രാജ്യമാകെയുള്ള ആത്മഹത്യകളിൽ 5.9% കേരളത്തിലാണ് (10,162). ആത്മഹത്യാ നിരക്കിൽ കേരളം നാലാമതാണ്. ഒരു ലക്ഷം പേരിൽ 28 പേർ ആത്മഹത്യ ചെയ്തുവെന്നാണു കണക്ക്.

രാജ്യമാകെയിത് 12 പേരാണ്. രാജ്യമാകെ 2022 ൽ 18 ദുരഭിമാനക്കൊലകൾ നടന്നു. കേരളത്തിൽ 7 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. കേരളത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് 12 മരണമുണ്ടായി. 

കേരളത്തിലെ കുറ്റകൃത്യങ്ങൾ (ബ്രാക്കറ്റിൽ രാജ്യമാകെയുള്ള സംഖ്യ)

കുറ്റകൃത്യം, 2021, 2022 എന്ന ക്രമത്തിൽ 

∙ കൊലപാതകം: 337 (29,272), 334 (28,522), 

∙ തട്ടിക്കൊണ്ടുപോകൽ: 364 (1.01 ലക്ഷം), 403 (1.07 ലക്ഷം) 

∙ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം: 13,539 (4.28 ലക്ഷം), 15,213 (4.45 ലക്ഷം) 

∙ കുട്ടികൾക്കെതിരെയുള്ള അതിക്രമം: 4,536 (1.49 ലക്ഷം), 5,640 (1.62 ലക്ഷം) 

∙ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമം: 948 (50,900) 1,050 (57,582) 

∙ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമം: 133 (8,802), 172 (10,064) 

∙ സൈബർ കുറ്റകൃത്യങ്ങൾ: 626 (52,974), 773 (65,893)

English Summary:

Domestic violence, eighty percentage cases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com