കേന്ദ്രത്തിന്റെ കനിവിൽ കിട്ടുമെന്നു കരുതിയ 10,000 കോടിയും പോയി; വർഷാന്ത്യ ചെലവിന് കേരളത്തിന് വേണം 30,000 കോടി
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തിക വർഷാന്ത്യ ചെലവുകൾക്കായി 30,000 കോടി രൂപ എങ്ങനെ സമാഹരിക്കുമെന്നു സംസ്ഥാന സർക്കാർ തല പുകയ്ക്കുമ്പോൾ, കേന്ദ്രത്തിന്റെ കനിവിൽ കിട്ടുമെന്നു കരുതിയിരുന്ന 10,000 കോടി രൂപയും പോയി. പാർലമെന്റിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ കടമെടുപ്പു പരിധി വർധിപ്പിക്കില്ലെന്നു വ്യക്തമാക്കിയതോടെ ഇനി മറ്റു വഴികളിലൂടെ പരമാവധി പണം കണ്ടെത്താനാണു സർക്കാരിന്റെ ശ്രമം. വരുംനാളുകളിൽ പദ്ധതി ചെലവുകളടക്കം വൻ തോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്യും. 40% വെട്ടിക്കുറവാണു പ്രതീക്ഷിക്കുന്നത്. ഇതോടെ വകുപ്പുകൾ പണം കിട്ടാതെ കൂടുതൽ സമ്മർദത്തിലാകും. ക്രിസ്മസിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള പണം കണ്ടെത്താനും സർക്കാർ ഓട്ടത്തിലാണ്.
ഡിസംബർ വരെ 52 കോടി രൂപ മാത്രമാണു സംസ്ഥാന സർക്കാരിനു കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത്, അടുത്ത ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാനായി മാറ്റിവച്ചിരുന്ന 3,800 കോടി രൂപ അതിനു മുൻപ് തന്നെ എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതുപ്രകാരം 2,000 കോടി രൂപ കഴിഞ്ഞയാഴ്ച സർക്കാർ വായ്പയെടുത്തു. ക്ഷേമ പെൻഷനും മറ്റും വിതരണം ചെയ്യാനായി ബാക്കി തുകയും ഇൗ മാസം തന്നെ എടുക്കും. സംസ്ഥാന സർക്കാർ ഖജനാവിൽനിന്ന് ഏറ്റവും കൂടുതൽ പണം ചെലവിടുന്ന മാസങ്ങളാണ് ജനുവരി, ഫെബ്രുവരി, മാർച്ച് എന്നിവ. 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.
സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമാണ് ഇൗ വർഷം കടമെടുക്കാൻ കേന്ദ്രം അനുവദിച്ച തുക. 10.81 ലക്ഷം കോടിയാണ് കേരളത്തിന്റെ ജിഎസ്ഡിപി. ഇതിന്റെ 3 ശതമാനമായ 32,442 കോടിയാണ് ഇൗ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാമെന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ വഴി എടുത്ത വായ്പ തുക കൂടി കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ ആകെ കടമെടുക്കാവുന്ന തുക ഗണ്യമായി കുറഞ്ഞു. ജിഎസ്ഡിപിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്നായിരുന്നു ഇതുവരെയുള്ള കേരളത്തിന്റെ പ്രതീക്ഷ.
ആലോചിക്കുന്ന ബദൽ മാർഗങ്ങൾ:
∙ കിഫ്ബി തിരിച്ചടച്ച വായ്പകൾക്കു തത്തുല്യമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും.
∙ കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നു പരമാവധി പണം മുൻകൂർ വാങ്ങുക
∙ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം താൽക്കാലികമായി മാറ്റിവയ്ക്കാമെന്ന് ഉദ്യോഗസ്ഥ നിർദേശമുണ്ടെങ്കിലും ഇതിനു നിയമനിർമാണം ആവശ്യമാണ്
∙ വർഷാവസാന ചെലവുകൾ അടുത്ത സാമ്പത്തികവർഷത്തേക്കു മാറ്റുക
∙ ഇതുവരെ തുടക്കമിടാത്ത പദ്ധതികൾ അടുത്ത വർഷത്തേക്കു മാറ്റുക
∙ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് തൽക്കാലത്തേക്കു പണം സമാഹരിക്കുക.