പറയാനുള്ളതു മാധ്യമങ്ങളിലൂടെ വേണ്ട,മുഖ്യമന്ത്രി രാജ്ഭവനിൽ വരട്ടെ: ഗവർണർ
Mail This Article
തിരുവനന്തപുരം ∙ തന്നോട് പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെയല്ല സർക്കാർ പറയേണ്ടതെന്നും തടഞ്ഞുവച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം രാജ്ഭവനിൽ നേരിട്ടെത്തി ബോധ്യപ്പെടുത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
‘‘എനിക്ക് ആരുടെ കാര്യത്തിലും മുൻവിധിയില്ല. പറയാനുള്ള കാര്യങ്ങൾ നേരിട്ടു പറയൂ. അതിന് രാജ്ഭവനിലേക്കു വരൂ. എന്നോട് മാധ്യമങ്ങൾ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാർട്ടി അംഗങ്ങളോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം. പാക്ക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീർ എന്നു വിളിക്കുന്നതു നിർത്താൻ പറയണം. വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിർത്താൻ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ’’– ഗവർണർ പറഞ്ഞു.
കണ്ണൂർ വിസിയുടെ പുനർനിയമനത്തിലെ വിമർശനം ഗവർണർ ആവർത്തിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനായി 9 തവണയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു പ്രതിനിധിയെത്തിയത്. എന്നാൽ, താൻ തീരുമാനമെടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോൾ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചത്. സർക്കാരിൽനിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ല. പക്ഷേ, സമ്മർദങ്ങൾക്കു വഴങ്ങില്ല.
താൻ ഓർഡിനൻസുകൾ ഒപ്പിടുന്നില്ലെന്ന ആരോപണം ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസാണെങ്കിൽ മുഖ്യമന്ത്രി രാജ്ഭവനിൽ എത്തി വിശദീകരിക്കട്ടെയെന്നും അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി.