തദ്ദേശ കൂറുമാറ്റം: 2 വർഷത്തിൽ തീർപ്പാക്കിയത് 82 കേസുകൾ
Mail This Article
തിരുവനന്തപുരം ∙ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ 2 വർഷത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളിൽ തീർപ്പാക്കിയത് 82 കേസുകൾ. നൂറോളം കേസുകൾ വിവിധ ഘട്ടങ്ങളിലുണ്ടെന്നു കമ്മിഷൻ പ്രസിദ്ധീകരിച്ച ഇയർ ബുക്ക് വ്യക്തമാക്കുന്നു. തീർപ്പാക്കിയ 111 കേസുകൾ ഹൈക്കോടതിയിൽ അപ്പീലിലാണ്. രണ്ടു വർഷത്തിലേറെ പഴക്കമുള്ളവയും ഇക്കൂട്ടത്തിലുണ്ട്.
ഇയർ ബുക്കും വോട്ടർപട്ടിക അവലോകന റിപ്പോർട്ടും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പ്രകാശിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് കമ്മിഷണർ എ.ഷാജഹാൻ ഗവർണർക്കു കൈമാറി. 1993 ഡിസംബർ 3നു നിലവിൽ വന്ന കമ്മിഷൻ കഴിഞ്ഞ വർഷമാണ് ഇയർ ബുക്ക് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പ്രധാനപ്പെട്ട 40 കോടതിവിധികൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകൾ, അംഗങ്ങളുടെ പട്ടിക, സ്ഥിതിവിവരക്കണക്ക് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഇക്കൊല്ലത്തെ ഇയർ ബുക്ക്.
ഈ വർഷം കമ്മിഷൻ നടത്തിയ വോട്ടർപട്ടിക പുതുക്കലിന്റെ വിശദാംശങ്ങളാണ് അവലോകന റിപ്പോർട്ടിൽ. പൂർണരൂപം www.sec.kerala.gov.inൽ. കമ്മിഷന്റെ സ്ഥാപകദിനാഘോഷച്ചടങ്ങിൽ സെക്രട്ടറി ബി.സുരേന്ദ്രൻ പിള്ളയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.