കോട്ടയ്ക്കൽ നഗരസഭയിൽ അട്ടിമറി:സിപിഎം പിന്തുണയോടെ ലീഗ് വിമതർ ഭരണം പിടിച്ചു
Mail This Article
കോട്ടയ്ക്കൽ ∙ മുസ്‌ലിം ലീഗിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള കോട്ടയ്ക്കൽ നഗരസഭയിൽ സിപിഎം പിന്തുണയോടെ ലീഗ് വിമതർ ഭരണം പിടിച്ചു. മുഹ്സിന പൂവൻമഠത്തിൽ നഗരസഭാധ്യക്ഷയായും പി.പി.ഉമ്മർ ഉപാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ലീഗ് നേതൃത്വം പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥികളായ ഡോ. കെ.ഹനീഷയെയും ചെരട മുഹമ്മദലിയെയുമാണ് ഇവർ തോൽപിച്ചത്. മുഹ്സിനയും ഉമ്മറും 15 വോട്ടും ഔദ്യോഗിക സ്ഥാനാർഥികൾ 13 വോട്ടു വീതവും നേടി. 32 അംഗ നഗരസഭാ കൗൺസിലിൽ 2 വാർഡുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിൽ ലീഗിന് 19ഉം സിപിഎമ്മിന് 9 ഉം ബിജെപിക്ക് 2 ഉം അംഗങ്ങളാണുള്ളത്. 6 ലീഗ് കൗൺസിലർമാർ നടത്തിയ വിമത നീക്കത്തിന് സിപിഎം പിന്തുണ നൽകിയതോടെയാണ് അട്ടിമറി സാധ്യമായത്. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
മുനിസിപ്പൽ ലീഗ് കമ്മിറ്റിയിലും നഗരസഭാ ഭരണസമിതിയിലും കാലങ്ങളായി നിലനിൽക്കുന്ന വിഭാഗീയതയാണ് പാർട്ടിക്ക് ഭരണം നഷ്ടപ്പെടുന്നതിൽ കലാശിച്ചത്.