സ്ഥാനമൊഴിയുന്നത് സംതൃപ്തിയോടെ: മാർ ആലഞ്ചേരി
Mail This Article
കൊച്ചി ∙ ‘ഒന്നും ഇപ്പോൾ പറയുന്നില്ല, എനിക്കു ചെയ്യാനായത് ഇത്രയേയുള്ളു എന്നു മനസ്സിലാക്കുന്നു’– സ്ഥാനമൊഴിഞ്ഞ വിവരം പ്രഖ്യാപിക്കുമ്പോൾ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ.
സംതൃപ്തിയോടെയാണോ സ്ഥാനമൊഴിയൽ എന്ന ചോദ്യത്തിന് ‘എനിക്ക് അർഹമായ സംതൃപ്തിയോടെയാണ് ഒഴിയുന്നത്’ എന്നായിരുന്നു മറുപടി. 6 വർഷം വേട്ടയാടലുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി ‘ഇപ്പോൾ പറയുന്നില്ല’ എന്നു മറുപടി നൽകി.
സിറോ മലബാർ സഭയിലൊന്നടങ്കം ഏകീകൃത കുർബാന അർപ്പിക്കാൻ സിനഡ് തീരുമാനിച്ചിട്ടും എറണാകുളം– അങ്കമാലി അതിരൂപതയിൽ അതു നടപ്പാക്കാൻ കഴിയാതെ വന്ന സാഹചര്യത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചു. ‘ദൈവം നിശ്ചയിച്ച സമയത്തേ അതു പൂർത്തിയാവൂ. എല്ലാം കലങ്ങിത്തെളിയുമോ എന്നു പറയാൻ എനിക്കാവില്ല, കണ്ടറിയണം’ എന്നു പ്രതികരിച്ചു. സിനഡ് തീരുമാനം അംഗീകരിക്കാതിരുന്ന വൈദികർക്കെതിരെ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വൈദികർ സഭയ്ക്കു കീഴ്പ്പെടേണ്ടതല്ലേ എന്നതിന് ‘പലപ്പോഴായി ഇക്കാര്യം താൻ വ്യക്തമാക്കിയിട്ടുണ്ടെ’ന്ന് പറഞ്ഞു. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ തന്നെയായിരിക്കും തുടർന്നും താമസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
എറണാകുളം–അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർപാപ്പ നിയോഗിച്ച പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൾ വാസിൽ തുടർന്നും ആ ചുമതല നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയൽ സവിശേഷതകളോടെ
മേജർ ആർച്ച്ബിഷപ് പദവിയിൽ ഏറ്റവും കൂടുതൽ കാലം സഭയെ നയിച്ച കർദ്ദിനാളാണ് സ്ഥാനമൊഴിയുന്ന മാർ ജോർജ് ആലഞ്ചേരി. 12 വർഷവും 6 മാസവും പദവി വഹിച്ചു. മുൻഗാമികളായ കർദ്ദിനാൾമാർ മാർ ആന്റണി പടിയറ 4 വർഷവും മാർ വർക്കി വിതയത്തിൽ 11 വർഷവും 6 മാസവുമാണു പദവി വഹിച്ചത്.
കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിനു മേജർ ആർച്ച് ബിഷപ് പദവിയില്ലായിരുന്നു. ആർച്ചുബിഷപ്പായിരുന്ന മാർ ആന്റണി പടിയറയ്ക്കും പിന്നീടാണു മേജർ ആർച്ച് ബിഷപ് പദവി ലഭിച്ചത്.
മാർപാപ്പ നേരിട്ടു നിയമിക്കുന്നതിനു പകരം സിറോ മലബാർ സഭാ സിനഡിൽ തിരഞ്ഞെടുക്കപ്പെ ആദ്യത്തെ മേജർ ആർച്ച്ബിഷപ്പാണു മാർ ആലഞ്ചേരി. സ്ഥാനമൊഴിയുന്ന ആദ്യത്തെ മേജർ ആർച്ച്ബിഷപ്, സിറോ മലബാർ സഭയിൽ മേജർ ആർച്ച്ബിഷപ് ഇമെരിറ്റസ് എന്ന് അറിയപ്പെടുന്ന ആദ്യത്തെവ്യക്തി എന്നീ സവിശേഷതകളുമുണ്ട്.