ADVERTISEMENT

കൊച്ചി ∙ നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവുമെത്തിയ ബസിന് നേരെ ആലുവയിലും അങ്കമാലിയിലും കരിങ്കൊടി വീശൽ. രണ്ടിടത്തും സംഘർഷം. പറവൂർ മാളികംപീടികയിലും കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശത്ത് കരിങ്കൊടി വീശിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന ചിലർ മർദിച്ചു. 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.അബ്ദുൽ റഷീദ്, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സെബ മുഹമ്മദലി, മണ്ഡലം പ്രസിഡന്റ് അമ്പിളി അശോകൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജെർളി കപ്രശേരി, ഹുസൈൻ കല്ലറയ്ക്കൽ, വൈശാഖ്, അൻവർ പുളിക്കായത്ത് തുടങ്ങിയവരാണ് കരിങ്കൊടി വീശി പ്രതിഷേധിച്ചത്. കാറിലും റോഡരികിലെ ചായക്കടയിലും ഇരിക്കുകയായിരുന്ന പ്രവർത്തകർ വാഹനവ്യൂഹം എത്തിയതോടെ ചാടി റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. തടയാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.

സിപിഎം ക്രിമിനലുകളെ നിലയ്ക്കു നിർത്തണം: വി.ഡി. സതീശൻ

കൊച്ചി∙ കരിങ്കൊടി കാട്ടുന്നവരെയും മാധ്യമ പ്രവർത്തകരെയും ആക്രമിക്കുന്ന സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി നിലയ്ക്കു നിർത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമിച്ചുവെന്നും ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ദ് ഫോർത്ത് മാധ്യമ സംഘത്തിനു നേർക്കും അക്രമം അഴിച്ചു വിട്ടുവെന്നും സതീശൻ പറഞ്ഞു. രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണത്തെ 'രക്ഷാപ്രവർത്തനം' എന്ന ഓമനപ്പേരിട്ടു വിളിച്ച മുഖ്യമന്ത്രിയാണ് ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നതെന്നും സതീശൻ പറഞ്ഞു.

English Summary:

Black flag against chief minister pinarayi vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com