സാമ്പത്തിക അടിയന്തരാവസ്ഥ: ഗവർണറുടെ ഭീഷണി തീക്കളി, വിലപ്പോവില്ല: എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ സാമ്പത്തിക അടിയന്തരാവസ്ഥയുടെ പേരിലുള്ള ഗവർണറുടെ ഭീഷണി തീക്കളിയാണെന്നും അതു കേരളത്തിൽ വിലപ്പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘കേരള ജനത ഒറ്റക്കെട്ടായി ആ നീക്കത്തെ ചെറുക്കും. സാമ്പത്തിക അടിയന്തരാവസ്ഥ രാഷ്ട്രപതി സ്വയം കാര്യങ്ങൾ വിലയിരുത്തി നടപ്പാക്കേണ്ടതാണ്. അതിന് ഗവർണറുടെ ശുപാർശ ആവശ്യമില്ലെന്നിരിക്കെ പുതിയൊരു അധികാരം സ്ഥാപിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അർഹമായ വിഹിതം തരാതെയും വായ്പയെടുക്കാൻ അനുവദിക്കാതെയും കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇവിടുള്ളത്.
അത് മറയാക്കി ഭരണത്തിൽ ഇടപെടാൻ ഗവർണർ ശ്രമിച്ചാൽ സർവശക്തിയുമുപയോഗിച്ച് നേരിടും. ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ ലക്ഷ്യങ്ങൾ തകർക്കാനുള്ള സംഘപരിവാർ പദ്ധതിയും ഗവർണർ നടപ്പാക്കുകയാണ്. കോഴിക്കോട്, കേരള സർവകലാശാലകളിൽ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം സെനറ്റിലേക്ക് യുഡിഎഫ്, സംഘപരിവാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. കേരള സർവകലാശാലയിൽ ഗവർണർ ശുപാർശ ചെയ്ത 15 സെനറ്റ് അംഗങ്ങളിൽ 13 പേരും സജീവ ആർഎസ്എസ് പ്രവർത്തകരാണ്.
ഇതിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം. യൂത്ത് കോൺഗ്രസ് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി മാറി. നേതാക്കളിൽ പലരും പലവിധ തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടും തള്ളിപ്പറയാതെ സംരക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം’– ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ഹൈക്കോടതി മുഖ്യമന്ത്രിക്കടക്കം നോട്ടിസ് അയച്ചതിൽ ഒന്നും ഭയപ്പെടാനില്ലെന്നും രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.