ADVERTISEMENT

കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്കിലെ ബെനാമി വായ്പ കള്ളപ്പണ തട്ടിപ്പു കേസിൽ 5 രഹസ്യ അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. ബെനാമി വായ്പകൾ അനുവദിക്കുമ്പോൾ നൽകേണ്ട കമ്മിഷൻ നിക്ഷേപിക്കാനാണ് ഈ അക്കൗണ്ടുകൾ രഹസ്യമായി സൂക്ഷിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനാണ് ഈ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

350 കോടി രൂപയുടെ ബെനാമി വായ്പ തട്ടിപ്പു നടന്ന കരുവന്നൂർ ബാങ്കിൽ പ്രതികൾ സൂക്ഷിച്ചിരുന്ന രണ്ടു രഹസ്യ അക്കൗണ്ടുകൾ നേരത്തെ ഇ.ഡി. കണ്ടെത്തിയിരുന്നു. കണ്ടെത്തിയ എല്ലാ രഹസ്യ അക്കൗണ്ടുകൾ വഴിയും കമ്മിഷൻ ഇനത്തിൽ 50 ലക്ഷത്തിൽ അധികം തുകയുടെ വിനിമയം നടന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ 19 ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നവംബർ 24നും ഈമാസം ഒന്നിനും വർഗീസിനെ ചോദ്യം ചെയ്തിരുന്നു. ‍5 നു വീണ്ടും നോട്ടിസ് നൽകിയിരുന്നെങ്കിലും തൃശൂരിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ ഹാജരായില്ല.

ഇ.ഡി.ആവശ്യപ്പെട്ട രേഖകൾ ഭാഗികമായാണു വർഗീസ് ഹാജരാക്കിയത്. 19നു ഹാജരാകുമ്പോൾ അന്വേഷണ സംഘം ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. പാർട്ടിക്കു കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകളില്ലെന്ന് തിടുക്കപ്പെട്ടു പ്രഖ്യാപിച്ച സിപിഎം ജില്ലാ നേതൃത്വം പ്രതിസന്ധിയിലായ മട്ടാണ്. ഈ അക്കൗണ്ടുകളിലൂടെ നടന്ന മുഴുവൻ ഇടപാടുകളുടെയും ഡിജിറ്റൽ തെളിവുകൾ കണ്ടെടുക്കാൻ ഇ.ഡി.ക്കു കഴിഞ്ഞിട്ടുണ്ട്. ഊരും പേരുമില്ലാത്ത അക്കൗണ്ടുകളിലേക്കു കോടിക്കണക്കിനു രൂപയുടെ വ്യാജ വായ്പകൾ പാസാക്കിയതിന്റെ വിഹിതം ഈ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടെന്നാണു സൂചന. 

English Summary:

Enforcement Directorate found out five more secret accounts in Karuvannur bank scam case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com