ADVERTISEMENT

കൊച്ചി ∙ ഭൂമി വിറ്റ് കടം വീട്ടാനെടുത്ത തീരുമാനമാണ് എറണാകുളം –അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ കുർബാന തർക്കവുമായതോടെ സ്ഥിതി സംഘർഷാത്മകമായി. ഭൂമിവിൽപന അതിരൂപതയ്ക്കു നഷ്ടമുണ്ടാക്കിയെന്നു രൂപതയും വത്തിക്കാനും ഏർപ്പെടുത്തിയ കമ്മിഷനുകളെല്ലാം റിപ്പോർട്ട് ചെയ്തു. മാർ ജോർജ് ആലഞ്ചേരിയായിരുന്നു അക്കാലത്തു അതിരൂപതാ മെത്രാപ്പൊലീത്ത എന്നതിനാൽ അദ്ദേഹത്തിനാണ് ഉത്തരവാദിത്തം എന്നു വാദമുണ്ടായി.

അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്തണമെന്നു മാർപാപ്പയുടെ സർക്കുലർ വന്നതോടെ ഭൂമി വിൽപനയിൽ ഇൗടായി ലഭിച്ച ഭൂമി വിറ്റ് നഷ്ടം നികത്താമെന്നു സിനഡ് തീരുമാനിച്ചു. അതും പ്രശ്നത്തിലായതിനെത്തുടർന്ന് അതിരൂപതയുടെ ഭരണച്ചുമതലയിൽ നിന്നു മാർ ജോർജ് ആലഞ്ചേരിയെ നീക്കി. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആയി മാർ ജേക്കബ് മനത്തോടത്തിനെ ചുമതലയേൽപ്പിച്ചു.

ഒരു വർഷത്തിനുശേഷം മാർ ആന്റണി കരിയിലിനെ മെത്രാപ്പൊലീത്തൻ വികാരിയായി നിയമിച്ചു. സഹായമെത്രാൻമാരെ മാറ്റി. മാർ ആന്റണി കരിയിൽ 2 വർഷം ചുമതല വഹിച്ചു. ഏകീകൃത കുർബാന നടപ്പാക്കാനുള്ള സിനഡ് തീരുമാനം വൈദികരുടെ എതിർപ്പിനെത്തുടർന്നു മാർ കരിയിലിന് നടപ്പാക്കാൻ കഴിഞ്ഞില്ല. വത്തിക്കാൻ പ്രതിനിധി നേരിട്ടെത്തി അദ്ദേഹത്തിൽ നിന്നു രാജിക്കത്ത് വാങ്ങി. പകരം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ നിയമിക്കുകയായിരുന്നു.

മുറിവുണക്കാൻ മാർ ബോസ്കോ

കൊച്ചി ∙ മെൽബൺ രൂപതയുടെ ചുമതലയൊഴിഞ്ഞു ഷംഷാബാദ് രൂപതയുടെ ഭാഗമായുള്ള മിഷൻ സെന്ററിൽ പ്രവർത്തിക്കുമ്പോഴാണു മാർ ബോസ്കോ പുത്തൂരിനെത്തേടി എറണാകുളം –അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ചുമതല എത്തുന്നത്.കുർബാനത്തർക്കവും ഭൂമി വിൽപന വിവാദവും മൂലം ഏറെ സംഘർഷമുള്ള അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം.‌

അതിരൂപതയിലെ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാൻ മെത്രാൻ സിനഡ് നിയോഗിച്ച ഡയലോഗ് കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ പ്രശ്നങ്ങൾ മാർ ബോസ്കോ പുത്തൂരിന് അറിയാം. 2010ൽ മാർ ബോസ്കോ പുത്തൂർ കൂരിയ ബിഷപ്പായി.  മാർ വർക്കി വിതയത്തിൽ കാലം ചെയ്തതു മുതൽ പുതിയ മേജർ ആർച്ച് ബിഷപ് ചുമതലയേൽക്കും വരെ അദ്ദേഹമായിരുന്നു സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ.

English Summary:

Ernakulam - Angamaly Archdiocese: Controversy begins in land sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com