വീണ്ടും യാത്ര പോയി അവർ 4 പേരും, ഇനി മടക്കമില്ലാതെ; കശ്മീരിൽ മരിച്ച സുഹൃത്തുക്കൾക്ക് നാടിന്റെ അന്ത്യാഞ്ജലി
Mail This Article
ചിറ്റൂർ (പാലക്കാട്) ∙ മന്തക്കാട് പൊതുശ്മശാനത്തിൽ അടുത്തടുത്തായി ഒരുക്കിയ ചിതയിൽ 4 സുഹൃത്തുക്കളുടെ യാത്രകൾക്കു വിരാമം. കശ്മീരിലേക്കു പുഞ്ചിരിയോടെ യാത്രയാക്കിയ നാട് ഇന്നലെ ആർത്തലച്ചു പെയ്ത കണ്ണീരോടെയാണ് അവരെ സ്വീകരിച്ചതും അന്തിമമായി വിട ചൊല്ലിയതും.
നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (22) എന്നിവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്ന് ഇന്നലെ പുലർച്ചയോടെയാണു നാട്ടിൽ കൊണ്ടുവന്നത്. ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു ശേഷം വീടുകളിൽ കൊണ്ടു പോയി അന്ത്യകർമങ്ങൾ നിർവഹിച്ചു. തുടർന്നായിരുന്നു മന്തക്കാട് ശ്മശാനത്തിൽ സംസ്കാരം.
പുലർച്ചെ 4 മുതൽ തന്നെ നാട്ടുകാർ ടെക്നിക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിലെത്തിയിരുന്നു. മൃതദേഹങ്ങളുമായി ആംബുലൻസ് രാവിലെ ആറോടെയാണു സ്കൂളിലെത്തിയത്. മരിച്ചവർക്കൊപ്പം യാത്രാസംഘത്തിലുണ്ടായിരുന്ന കെ.രാജേഷ്, ആർ.സുനിൽ, എസ്.ശ്രീജേഷ്, കെ.അരുൺ, പി.അജിത്ത്, എസ്.സുജീവ് എന്നിവർ അനുഗമിച്ചു.
പൊട്ടിക്കരഞ്ഞു തളർന്ന ഇവരെ സ്കൂൾ മുറിയിലാണ് ഇരുത്തിയതെങ്കിലും ഇത്തിരി നേരമെങ്കിലും കൂട്ടുകാർക്കൊപ്പമിരിക്കണമെന്ന് ഇവർ നിലവിളിയോടെ പറയുന്നുണ്ടായിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ.കൃഷ്ണൻകുട്ടി ആദരാഞ്ജലി അർപ്പിച്ചു.