ADVERTISEMENT

കൊച്ചി ∙ ക്രിസ്മസ് പാതിരാ കുർബാന മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദേശിച്ച അൾത്താര അഭിമുഖ കുർബാന നടത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ അതിരൂപതാംഗങ്ങൾക്കും വൈദികർക്കുമായി പുറത്തിറക്കിയ വിഡിയോസന്ദേശത്തിൽ നിർദേശിച്ചു. 

ആരാധനാക്രമത്തിൽ മേജർ ആർച്ച് ബിഷപ്പിന്റെ പേരു പറഞ്ഞ് അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും സന്ദേശത്തിലുണ്ട്. അതിരൂപതയുടെ കാര്യത്തിൽ ദുഃഖഭരിതനാണെന്ന മുഖവുരയോടെ ആരംഭിക്കുന്ന വിഡിയോയിൽ കുർബാനയിൽ ഐക്യപ്പെട്ടു സഭയിൽ സൗഹാർദം സാധ്യമാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.  

സിനഡ് തീരുമാനങ്ങൾ നിഷേധിക്കാൻ പ്രേരിപ്പിക്കുന്ന വൈദികരെ പിന്തുടരരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. അത് ഇപ്പോഴും തുടരുന്നു. സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ പലവട്ടം ആഹ്വാനം ചെയ്തിട്ടുണ്ട്. പോരും കലഹവും തുടരുന്നിടത്തു കുർബാനയില്ല. എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് ആരാധനാക്രമവുമായോ കുർബാനയർപ്പണവുമായോ ബന്ധമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലവട്ടം അയച്ച കത്തുകൾ പൊതുവായി വായിച്ചില്ലെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. 

മാർപാപ്പ എന്തു ചിന്തിക്കുന്നു എന്നു വ്യക്തമാക്കുന്നതിനാണു വിഡിയോ സന്ദേശം നേരിട്ടു നൽകിയത്. സഭയുടെ പാതയിൽ നിന്നു വ്യതിചലിക്കാതെ സിനഡിന്റെയും മെത്രാൻമാരുടെയും പാതയിൽ സഞ്ചരിക്കാൻ ആഹ്വാനം ചെയ്തു. സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കണം. സമരങ്ങൾ സഭയുടെ വളർച്ച തടസ്സപ്പെടുത്തി. 

സഹകരണമില്ലായ്മ മൂലം സഭയ്ക്കു പുറത്തുപോകാൻ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സന്ദേശത്തിൽ ഓർമിപ്പിച്ചു.ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തരുതെന്നും സഭാഗാത്രത്തിൽ നിന്നു സ്വയം വേർപെടരുതെന്നും മാർപാപ്പ ഓർമിപ്പിച്ചു.

English Summary:

Pope Francis says he is saddened by the archdiocese issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com