സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ ഒരു ചോദ്യം; നിയമം കർശനമാക്കാൻ എന്തുചെയ്തു?
Mail This Article
തിരുവനന്തപുരം ∙ ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ ഒരു ചോദ്യം: സ്ത്രീധന നിരോധന നിയമം കർശനമാക്കാൻ വനിതാ കമ്മിഷൻ നൽകിയ ശുപാർശകളിൽ സർക്കാർ എന്തു ചെയ്തു?
വനിത–ശിശു വികസന വകുപ്പിന് കമ്മിഷൻ 2021 ജൂൺ 24നു നൽകിയ ശുപാർശ രണ്ടു വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഇതിന്റെ ആമുഖത്തിൽ പറയുന്നത് ഇങ്ങനെ: ‘സമ്മാനം നൽകുന്നുവെന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളിൽ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണു നടക്കുന്നത്. അങ്ങനെ നടക്കുന്ന വിവാഹങ്ങളിൽ കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യുന്നില്ല.
വിവാഹിതയായ സ്ത്രീക്കു ജീവഹാനി സംഭവിച്ചതിനുശേഷം ഈ വകുപ്പ് ചുമത്തുന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂർണമാക്കുന്നതും കൂടുതൽ പേരെ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതും.’ സ്ത്രീധന നിരോധന ഓഫിസർമാരെ നിയോഗിക്കാനുള്ള സർക്കാരിന്റെ അധികാരം നിയമത്തിൽ വിശദമാക്കുന്നുണ്ടെങ്കിലും അതു നടപ്പാക്കുന്നില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.
കമ്മിഷൻ നൽകിയ ശുപാർശകൾ
∙ രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രം.
∙ വധുവിനു നൽകുന്ന മറ്റു സാധനങ്ങൾ 25,000 രൂപയിൽ കൂടാൻ പാടില്ല.
∙ ബന്ധുക്കൾ പരമാവധി 25,000 രൂപയോ തുല്യ വിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നൽകാവൂ.
∙ വധുവിന് ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം.
∙ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്ട്രേഷൻ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നൽകണം.
∙ വിവാഹത്തിനു മുൻപായി വധൂവരന്മാർക്കു തദ്ദേശസ്ഥാപന തലത്തിൽ കൗൺസലിങ് നിർബന്ധമാക്കണം.
∙ വിവാഹ റജിസ്ട്രേഷന്റെ അപേക്ഷയ്ക്കൊപ്പം കൗൺസലിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വേണം.