ADVERTISEMENT

നാദാപുരം (കോഴിക്കോട്) ∙ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അരൂർ പുളിയം വീട്ടിൽ അമ്മദിന്റെ മകൾ ഷബ്നയെ (30) ആണ് കുന്നുമ്മക്കരയിലെ ഭർതൃവീട്ടിൽ തിങ്കളാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസിൽ ഉൾപ്പെടുത്തി. 

ഭർതൃവീട്ടിൽ വച്ച് ഭർത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്നയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിനു പിന്നാലെ ഷബ്നയുടെ ബന്ധുക്കളിൽ നിന്നു പൊലീസ് കൂടുതൽ മൊഴിയെടുത്തു. ഷബ്നയെ മർദിച്ച ഹനീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഉമ്മ വാതിലടച്ച് എന്തോ ചെയ്യുകയാണെന്നും വേഗം പോയി വാതിൽ തുറന്നുനോക്കണമെന്നും ഷബ്നയുടെ മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും ശ്രദ്ധിച്ചില്ലെന്നു പരാതിയിലുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഷബ്ന മുറിക്കകത്തു കയറി വാതിലടച്ച കാര്യം ഭർതൃസഹോദരിയെ ഫോണിൽ അറിയിച്ചെങ്കിലും അവരും ഇടപെട്ടില്ല. 

ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്ന തൂങ്ങി മരിക്കാൻ ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. അരൂരിൽ സർവകക്ഷി യോഗം ചേർന്ന് ഷബ്നയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കർമ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. 2010ൽ വിവാഹിതയായ ഷബ്നയ്ക്കും ഭർത്താവിനും കുട്ടിക്കും താമസിക്കാൻ വീടു വാങ്ങിച്ചു നൽകാനുള്ള ഒരുക്കത്തിലായിരുന്നു ഷബ്നയുടെ വീട്ടുകാർ.

English Summary:

Woman hanged to death at her husband's house: Video of husband's relative beating shabna out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com