ADVERTISEMENT

കൊച്ചി ∙ കനമുള്ള വാക്കും കർശനനിലപാടുമായി സിപിഐയുടെ അമരത്ത് കാനം രാജേന്ദ്രൻ (73) ഇനിയില്ല. പ്രമേഹത്തെ തുടർന്നു വലതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു നേരിയ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നാലെ കടുത്ത ഹൃദയാഘാതമുണ്ടായി. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം. 

മൃതദേഹം ഇന്നു രാവിലെ 8ന്  ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 8.30 ന് ജഗതിയിലെ വീട്ടിലെത്തിക്കും. അവിടെനിന്നു സിപിഐ സംസ്ഥാന കൗൺസിൽ  ഓഫിസ് പ്രവർത്തിക്കുന്ന പട്ടത്തെ പി.എസ് സ്മാരകത്തിൽ  പൊതുദർശനം. രണ്ടിനു റോഡുമാർഗം കോട്ടയത്തേക്കു വിലാപയാത്രയായി കൊണ്ടുപോകും. വിവിധ സ്ഥലങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാകും.

രാത്രി 9ന് കോട്ടയം ജില്ലാ കൗൺസിൽ ഓഫിസിൽ പൊതുദർശനത്തിനു ശേഷം 11ന് വാഴൂർ കാനത്തെ വീട്ടിലെത്തിക്കും. ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ മുൻ അധ്യാപിക വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താര, സർവേശ്വരൻ.

കടുത്ത പ്രമേഹത്തെത്തുടർന്നുണ്ടായ ഹൃദയസംബന്ധമായ അസുഖങ്ങളും വൃക്കരോഗവും മൂലമാണ് ഒക്ടോബർ 25ന് കാനത്തെ അമൃതയിൽ പ്രവേശിപ്പിച്ചത്. ആദ്യം വലതുകാൽ പാദവും പിന്നീടു മുട്ടിനു താഴെ ഭാഗവും മുറിച്ചു നീക്കേണ്ടി വന്നെങ്കിലും മുറിവുണങ്ങുമ്പോൾ കൃത്രിമക്കാലിൽ നടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കാനം. അക്കാര്യം പലരോടും പങ്കുവയ്ക്കുകയും ചെയ്തു. 

എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും സിപിഐയുടെ നേതൃനിരയിലുള്ളപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ കാനം 1982 ൽ 32– ാം വയസ്സിൽ വാഴൂരിൽനിന്ന് എംഎൽഎയായി, 87 ലും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു 3 തവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 

അധികാരശ്രേണിയുടെ കയറ്റിറക്കം കടന്നാണ് സിപിഐ അമരത്തെത്തുന്നത്. പി.കെ.വാസുദേവൻ നായർക്കു ശേഷം കോട്ടയം ജില്ലയിൽനിന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം 2015 ൽ കോട്ടയത്തു തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ പദവിയിൽ എത്തിയത്. പിന്നീട് മലപ്പുറം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും സെക്രട്ടറിയായി.

എതിർശബ്ദങ്ങളെ മെരുക്കി സെക്രട്ടറി എന്ന നിലയിൽ സമ്പൂർണ ആധിപത്യം കാനം കൈവരിച്ച ഘട്ടത്തിലാണ് വിയോഗം. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്. എഐടിയുസി സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. 53 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്കു വന്ന കാനം 1970 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 2 തവണ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 

മരണവിവരമറിഞ്ഞ് നവകേരള സദസ്സിൽ പങ്കെടുക്കുകയായിരുന്ന സിപിഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആർ.അനിലും ചിഞ്ചുറാണിയും ആശുപത്രിയിലെത്തി. പിന്നാലെ നടൻ മമ്മൂട്ടിയുമെത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാത്രിയോടെ ആശുപത്രിയിലെത്തി.

നവകേരള സദസ്സ്: ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി

കൊച്ചി ∙ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു നവകേരള സദസ്സിലെ ഇന്നത്തെ പരിപാടികൾ മുഴുവൻ മാറ്റിവച്ചു. നാളെ ഉച്ചയ്ക്കു ശേഷം പെരുമ്പാവൂരിൽനിന്നു പര്യടനം തുടരും. പെരുമ്പാവൂരിൽ നാളെ രാവിലെ നടത്താനിരുന്ന പ്രഭാതയോഗവും മാറ്റി. പെരുമ്പാവൂരിൽ നാളെ ഉച്ചയ്ക്ക് 2നാണു നവകേരള സദസ്സ് നടക്കുക. 3.30നു കോതമംഗലം, 4.30നു മൂവാറ്റുപുഴ, 6.30നു തൊടുപുഴ എന്നിങ്ങനെയാണു നാളത്തെ മറ്റിടങ്ങളിലെ പരിപാടികൾ.

കാനത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്.

English Summary:

CPI state secretary Kanam Rajendran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com