ഒപി ടിക്കറ്റിന്റെ പിന്നിലല്ല, ഷഹ്നയുടെ ആത്മഹത്യകുറിപ്പ് 4 പേജിൽ; പൊലീസ് പിന്നെയും ഒളിച്ചു കളിച്ചു: ചിലരെ കുറിച്ച് ഗുരുതര പരാമർശങ്ങൾ
Mail This Article
തിരുവനന്തപുരം ∙ സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ. ഷഹ്നയുടെ മുറിയിൽ നിന്നു കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് 4 പേജുള്ളത്. ഇതോടെ സംഭവത്തിൽ പൊലീസിന്റെ ഒളിച്ചുകളി വ്യക്തമായി. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്...’ എന്നു മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ആദ്യം മാധ്യമങ്ങളോടു പറഞ്ഞത്.
സ്ത്രീധന പ്രശ്നത്തെക്കുറിച്ചു പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ കുറിപ്പിൽ ഇല്ലെന്നും തിങ്കളാഴ്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ പറഞ്ഞിരുന്നു. എന്നാൽ, ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നു ഹരിലാൽ തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ.റുവൈസാണ് കേസിലെ പ്രതി.
‘‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കർ കണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്....’’ കുറിപ്പിൽ ഇങ്ങനെ പറയുന്നതായി എസ്എച്ച്ഒയുടെ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ പിന്നിലാണു കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, 4 പേജുള്ള കുറിപ്പാണ് ഷഹ്നയുടെ താമസസ്ഥലത്തു നിന്നു കണ്ടെടുത്തതെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ നിതിൻരാജ് ‘മനോരമ’യോടു പറഞ്ഞു. എ 4 സൈസിലുള്ള കടലാസിലാണ് കുറിപ്പെഴുതിയത്. ചിലരെക്കുറിച്ചു ഗുരുതര പരാമർശങ്ങൾ കുറിപ്പിലുണ്ടെന്നും ഇതു വെളിപ്പെടുത്താൻ കഴിയില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു.
റുവൈസുമായുള്ള അടുപ്പം, വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടത്, ആ കുടുംബത്തിന്റെ അവഗണന തുടങ്ങിയവ കത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ടെന്നാണു സൂചന. ആപൽഘട്ടം വന്നപ്പോൾ ചിലർ തനിക്കൊപ്പം നിന്നില്ലെന്നും കത്തിൽ പറയുന്നതായി അറിയുന്നു. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഷഹ്നയുടെ കുറിപ്പും കോടതിക്കു കൈമാറി. ഫൊറൻസിക് ലബോറട്ടറിയിലെ ഡോക്യുമെന്റേഷൻ വിഭാഗത്തിൽ ഇതു പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ലഭിക്കാനുള്ളതുകൊണ്ടാണു റുവൈസിനെ പ്രതിയാക്കി തുടക്കത്തിൽ കേസെടുക്കാഞ്ഞതെന്നും നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂവെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു. ഷഹ്നയുടെ സഹോദരി സറീന, മാതാവ് ജലീല ബീവി എന്നിവരുടെ മൊഴിയെ തുടർന്നാണ് സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയും റുവൈസിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്നും പൊലീസ് പറഞ്ഞു. സൈബർ സിറ്റി അസി.കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.