ADVERTISEMENT

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. വ്യക്തിപരമായി നോക്കിയാൽ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്തു സഹകരിച്ചു പ്രവർത്തിച്ചതിന്റെ ഒട്ടേറെ ഓർമകൾ മനസ്സിൽ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പർശമുള്ളവയാണ്. മനസ്സിനോടു വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവുമായിരുന്നു കാനം

വിയോഗം ഞെട്ടിക്കുന്നതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തുരക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത്. സിപിഐ–സിപിഎം ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധവച്ചു.

എന്നും നിസ്വ ജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധിച്ചു. 

വിദ്യാർഥി–യുവജന– തൊഴിലാളി മുന്നേറ്റങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് അടിത്തറയൊരുക്കി. നിയമസഭയിൽ അംഗമായിരുന്ന കാലയളവിൽ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നു. നിയമ നിർമാണത്തിലടക്കം ശ്രദ്ധേയ സംഭാവനകൾ നൽകി.

നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ, അവസാനകാലം വരെ: എ.കെ.ആന്റണി

ഞാൻ പ്രതിരോധമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ബ്രഹ്മോസ് യൂണിറ്റിൽ സമരം നടന്നു. അവിടത്തെ പ്രധാന യൂണിയൻ നേതാവായിരുന്നു കാനം രാജേന്ദ്രൻ. ഞാൻ അദ്ദേഹത്തെ വിളിച്ചു. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള പ്രധാന സ്ഥാപനമായതിനാൽ പ്രശ്നപരിഹാരത്തിനു സഹകരിക്കണമെന്നു പറഞ്ഞു. അക്കാര്യം അദ്ദേഹം അതേ ഗൗരവത്തിലെടുത്തു. സമരം രമ്യമായി പരിഹരിക്കുകയും ചെയ്തു. 

ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എത്ര അപ്രിയമാണെങ്കിലും തുറന്നുപറയാൻ മടി കാട്ടാത്തയാളായിരുന്നു കാനം. അതിന്റെ പേരിൽ രാഷ്ട്രീയമായ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പരിധി വരെ എൽഡിഎഫിലെയും തിരുത്തൽശക്തിയായിരുന്നു കാനം. 

കോൺഗ്രസിൽ ഞങ്ങളുടെ യുവനിരയ്ക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയിൽ യുവജന വിഭാഗത്തെ നയിച്ചു വളർന്നുവന്നവരാണ് സി.കെ.ചന്ദ്രപ്പൻ, കണിയാപുരം രാമചന്ദ്രൻ, ആന്റണി തോമസ് ത്രിമൂർത്തികൾ. അവരുടെ അടുത്ത അനുയായിയായി വളർന്നതാണു കാനവും. ആ കാലം മുതലുള്ള അടുപ്പം അദ്ദേഹവുമായുണ്ട്. 

ജയറാം രമേശ് ഇന്ദിരാഗാന്ധിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം 2 വർഷം മുൻപ് തിരുവനന്തപുരത്ത് ഞാൻ നിർവഹിച്ച ചടങ്ങിൽ പ്രസംഗകനായി കാനവുമുണ്ടായിരുന്നു. അന്ന് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഞങ്ങൾ സമാന നിലപാട് പങ്കുവച്ചു. അവസാനമായി ഒരുമിച്ച് പങ്കെടുത്ത ചടങ്ങും അതായിരുന്നു. ആശുപത്രിയിലായിരിക്കെ വിളിച്ചപ്പോഴും അദ്ദേഹം ആത്മവിശ്വാസത്തോടെയാണു സംസാരിച്ചത്.

വിഷയങ്ങൾ ആഴത്തിൽ പഠിച്ച സഹപ്രവർത്തകൻ: ഡി.രാജ

പ്രസ്ഥാനത്തിൽ എന്നെക്കാൾ‍ സീനിയറായ കാനത്തെ പരിചയപ്പെടുന്നത് ചെന്നൈയിൽവച്ചാണ്, 1975ൽ. അന്നു ഞങ്ങൾ യൂത്ത് ഫെഡറേഷനിലാണ്. ശ്രീലങ്കയിൽ നടക്കുന്ന കമ്യൂണിസ്റ്റ് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കു വീസ എടുക്കാനാണ് കാനം എത്തിയത്. ഞാനന്ന് ഫെഡറേഷന്റെ തമിഴ്നാട് ഘടകം സെക്രട്ടറിയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് വീസാ ഓഫിസിൽ പോയത്.

കാനം യൂത്ത് ഫെഡറേഷനിൽനിന്ന് തൊഴിലാളി യൂണിയൻ രംഗത്തേക്കു മാറി. എന്റെ പ്രവർത്തന മണ്ഡലം ഡൽഹിയായി. തൊഴിലാളി യൂണിയനിൽനിന്ന് കാനം പാർട്ടി നേതൃനിരയിലേക്കെത്തി. പ്രവർത്തനത്തിലും സംഘാടനത്തിലുമുള്ള മികവ് കേരളത്തിലെ പാർട്ടിയുടെ ചുമതലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പാർട്ടി അംഗത്വത്തിലും നിയമസഭാംഗങ്ങളുടെ എണ്ണത്തിലും രാജ്യത്ത് സിപിഐക്ക് ഏറ്റവും കരുത്തുള്ള ഘടകമാണു കേരളം. 

ഡൽഹിയിൽ ദേശീയ സെക്രട്ടേറിയറ്റിലും അംഗമായിരുന്ന കാനം വിഷയങ്ങൾ ആഴത്തിൽ പഠിച്ച് ഇടപെടലുകൾ നടത്തിയിരുന്നു. ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുടെ പുസ്തകങ്ങളെക്കുറിച്ചും മുതലാളിത്ത സമീപനങ്ങൾ അസമത്വം സൃഷ്ടിക്കുന്ന സാഹചര്യവുമൊക്കെ കാനം ചർച്ച ചെയ്തതോർക്കുന്നു.  പ്രതിബദ്ധതയുള്ള നേതാവിന്റെ വേർപാട് പാർട്ടിക്ക് വലിയ നഷ്ടംതന്നെയാണ്.

അരനൂറ്റാണ്ടിന്റെ സൗഹൃദം; ഒരിക്കലും ഉലയാത്ത ബന്ധം: കെ.ഇ.ഇസ്മായിൽ

അരനൂറ്റാണ്ടോളം ഒരുമിച്ചു പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായത്. ഞാൻ 1968 ലും കാനം രാജേന്ദ്രൻ 71 ലും ആണ് സംസ്ഥാന കൗൺസിലിൽ എത്തുന്നത്. 82 ൽ ഞങ്ങൾ ഒരുമിച്ചു നിയമസഭയിലുമെത്തി. എംഎൽഎയായതു മുതലാണ് അദ്ദേഹവുമായി അടുക്കാനും കൂടുതൽ ഒരുമിച്ചു പ്രവർത്തിക്കാനും സാധിച്ചത്. 

നിലപാടുകളുടെ പേരിൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നമാണെന്നു മാധ്യമങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങളുടെ സൗഹൃദത്തിനും ബന്ധത്തിനും ഒരിക്കലും ഉലച്ചിൽ സംഭവിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കു വ്യക്തമായ നിലപാടുകളുണ്ട്. അതു തുറന്നുപറയുമ്പോഴുള്ള വിയോജിപ്പുകളുണ്ടാവും. അതിനപ്പുറം ഒരു പ്രശ്നവും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല. 

ആരോഗ്യപ്രശ്നങ്ങൾ അതിജീവിച്ചു തിരിച്ചുവരുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. രാജ്യത്തെ ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത്, 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അത്രമേൽ പ്രധാനമായിരിക്കുന്ന സമയത്ത്   സമുന്നത നേതാവായ കാനത്തിന്റെ മടക്കം ഇടതുപക്ഷത്തിനു വലിയൊരു നഷ്ടമാണ്. 

ആളെക്കൂട്ടുന്ന കാനം: പന്ന്യൻ രവീന്ദ്രൻ

ആശുപത്രിയിൽ കാനത്തെ കണ്ടു ചില പ്രധാന കാര്യങ്ങൾ സംസാരിക്കാനായി ഇന്നു രാവിലെ കൊച്ചിക്കു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു ഞാൻ. ചെല്ലുന്ന കാര്യം പറയാനായി കഴിഞ്ഞദിവസം ഫോണിൽ വിളിച്ചപ്പോഴും അദ്ദേഹം ഉഷാറായിരുന്നു. പക്ഷേ, ഞാൻ എത്തുംമുൻപേ അദ്ദേഹം പോയി. ആ വാർത്ത ആശുപത്രിയിൽനിന്നു വിളിച്ചുപറഞ്ഞപ്പോഴുണ്ടായ ആഘാതം വിട്ടുമാറുന്നില്ല. 

അദ്ദേഹം എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഞാൻ. അന്നു തുടങ്ങിയ ബന്ധമാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂർ സൗത്ത് ബസാറിൽ അന്നു നടന്നൊരു യോഗം ഓർമയുണ്ട്. സംഘടനയ്ക്ക് ഒരു സ്റ്റേജ് കെട്ടാൻ പോലും കഴിവുള്ള കാലമല്ല. ഉദ്ഘാടകനായ കാനം സംസാരിച്ചുതുടങ്ങുമ്പോൾ കേൾവിക്കാരായുണ്ടായിരുന്നത് 25ൽ താഴെ പ്രവർത്തകർ മാത്രം. 20 മിനിറ്റ് കഴിഞ്ഞപ്പോൾ അഞ്ഞൂറിലേറെപ്പേരായി. പിന്നെയതൊരു വലിയ യോഗമായി. യുവജന സംഘടനാ പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു ഞാനെങ്കിലും പാർട്ടി സെക്രട്ടറിയായപ്പോൾ എന്റെയൊപ്പം ഏറ്റവും ചേർന്നുനിന്നു പ്രവർത്തിച്ചത് കാനമായിരുന്നു. എനിക്കുശേഷം സെക്രട്ടറിയായി അദ്ദേഹം വരണമെന്ന് ഏറ്റവും ആഗ്രഹിച്ചവരിൽ ഒരാളും ഞാനായിരുന്നു. 

അദ്ദേഹത്തിന്റെ പാദം മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചതറിഞ്ഞപ്പോൾ എനിക്കും ഷോക്കായി. നേരിട്ട് ആശുപത്രിയിൽ പോയി കണ്ടു. അദ്ദേഹത്തിന്റെ മനസ്സും ആ തീരുമാനം പൂർണമായി അംഗീകരിച്ചിരുന്നില്ല. ഒപ്പമുള്ളവരെയെല്ലാം പുറത്തുനിർത്തി അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. വൈദ്യശാസ്ത്രത്തിന്റെ അന്തിമ തീരുമാനം അതാണെങ്കിൽ കമ്യൂണിസ്റ്റുകാർ എന്ന നിലയിൽ തളരാതെ അതിനെയും സ്വീകരിക്കാമെന്നു പറഞ്ഞു. പിന്നീട്, ഫിസിയോതെറപ്പി ചെയ്തതോടെ ഉഷാറായെന്നും വൈകാതെ തന്നെ പാർട്ടി പ്രവർത്തനത്തിലേക്കു മടങ്ങാമെന്നുമുള്ള ആത്മവിശ്വാസം അദ്ദേഹം പങ്കുവച്ചിരുന്നു. 

English Summary:

Kanam rajendran becomes the Pillar of left Unity says Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com