ചന്ദ്രപ്പനു പിന്നാലെ കാനവും
Mail This Article
തിരുവനന്തപുരം ∙ ഏറെ ആരാധിച്ചിരുന്ന സി.കെ.ചന്ദ്രപ്പന്റെ വഴിയേ കാനവും. 2012 മാർച്ചിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ചന്ദ്രപ്പനും വിടവാങ്ങിയത്. ചന്ദ്രപ്പനു ശേഷം ആരു സംസ്ഥാന സെക്രട്ടറിയാകണമെന്ന ചോദ്യം സിപിഐക്കുള്ളിൽ ഉയർന്നപ്പോൾ കാനത്തിന്റെ പേരാണു മുന്നിൽവന്നത്. പുതിയ സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ ഭൂരിപക്ഷം ജില്ലകളും കാനത്തിന്റെ പിന്നിൽ അണിനിരന്നു.
സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗമായിരുന്ന സി.ദിവാകരന്റെ പേരാണ് കേന്ദ്രനേതൃത്വം നിർദേശിച്ചത്. സംസ്ഥാന കൗൺസിൽ യോഗത്തിൽ ആ നിർദേശത്തിനു പൊതുസ്വീകാര്യത കിട്ടാതെ വരികയും കാനത്തെ വാഴിക്കാൻ കേന്ദ്രനേതൃത്വം വിമുഖത കാട്ടുകയും ചെയ്തതോടെ ഒത്തുതീർപ്പെന്ന നിലയിൽ പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയായി.
പദവികളോടു പുറംതിരിഞ്ഞു നിൽക്കാറുള്ള പന്ന്യൻ പാർട്ടി തീരുമാനത്തിനു വഴങ്ങിയെങ്കിലും അടുത്ത സംസ്ഥാന സമ്മേളനം കോട്ടയത്തു നടന്നപ്പോൾ സെക്രട്ടറിപദം ഒഴിയുകയാണെന്നു പ്രഖ്യാപിച്ചു. പിൻഗാമിയായി കാനത്തിന്റെ പേര് നിർദേശിച്ചതും പന്ന്യൻ തന്നെ. കെ.ഇ.ഇസ്മായിൽ മത്സരത്തിനൊരുങ്ങിയെങ്കിലും അത് ഒഴിവായി. പിന്നീടു സിപിഐയിൽ കാനം യുഗം തന്നെയായി.