കൂടുതൽ ശ്രദ്ധിച്ചത് പാർട്ടിയുടെ ആരോഗ്യം; ശാരീരികപ്രശ്നങ്ങൾ പാർട്ടിയിൽ അറിയിച്ചത് മാസങ്ങൾക്കുമുൻപു മാത്രം
Mail This Article
തിരുവനന്തപുരം ∙ സ്വന്തം ആരോഗ്യത്തെക്കാൾ പാർട്ടിയുടെ ആരോഗ്യത്തിലായിരുന്നു കാനം രാജേന്ദ്രന്റെ ശ്രദ്ധ. 2018 മുതൽ പലവിധ രോഗങ്ങൾ അലട്ടുന്നുണ്ട്. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസായ എംഎൻ സ്മാരകത്തിന്റെ ഒന്നാം നിലയിലാണ് സാധാരണ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുക. ഏതാനും മാസം മുൻപ് യോഗം തുടങ്ങാറായപ്പോൾ കാനം പറഞ്ഞു – ‘താഴെ എന്റെ ഓഫിസിൽ യോഗം ചേർന്നാലോ ?’
എന്ത് അസുഖമുണ്ടെങ്കിലും പറയാത്ത കാനം അന്നു തന്റെ വയ്യായ്ക പറഞ്ഞു. മുൻപ് കാറപകടത്തെത്തുടർന്ന് കാലിൽ കമ്പി ഇട്ടതിന്റെ വിഷമതയായിരിക്കാമെന്നാണ് എല്ലാവരും കരുതിയത്. അതല്ല, നെഞ്ചിൽ സ്ഥിരമായി അണുബാധ വരുന്നതും മറ്റും അദ്ദേഹം വിശദീകരിച്ചു. അധികം യാത്ര വേണ്ടെന്ന് ഒപ്പമുള്ളവർ നിർദേശിച്ചു. പലരുമായുള്ള സമ്പർക്കം അണുബാധ വർധിപ്പിക്കും. തലയാട്ടി സമ്മതിച്ച കാനം അതൊന്നും പാലിച്ചില്ല. അൽപം ആശ്വാസം വന്നപ്പോൾ സമ്മേളനങ്ങളിലേക്കും തിരക്കുകളിലേക്കും നടന്നുചെന്നു.
രാവിലെ അഞ്ചിന് എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് ചായ വേണം; ഒപ്പം പത്രങ്ങളും. വാർത്തകളിൽ മുഴുകിയിരിക്കെ ചായ തീരും. പാർട്ടിയെയും നേതാക്കളെയും സംബന്ധിച്ച വാർത്തകൾ കുറിച്ചു വയ്ക്കും. ഗൗരവമേറിയ സംഭവമാണെങ്കിൽ ബന്ധപ്പെട്ടവരെ വിളിച്ചു വിശദാംശങ്ങൾ ചോദിച്ചശേഷമേ കുളിക്കാൻ പോകൂ.
ചെറുപ്പത്തിലേ പ്രമേഹം കണ്ടെത്തിയതിനാൽ സ്ഥിരമായി മരുന്നു കഴിക്കുമായിരുന്നു. പാർട്ടി തിരക്കുകൾ കാരണം രോഗത്തിന് അനുസരിച്ചു ഭക്ഷണമോ വിശ്രമമോ ഉണ്ടായിരുന്നില്ല. പ്രമേഹം കഠിനമായപ്പോൾ അതു ഗുരുതരമാക്കുന്ന ഭക്ഷണങ്ങളോട് അകലം പാലിച്ചു. 6 വർഷമായി സസ്യാഹാരമാണ് കഴിച്ചിരുന്നത്.
അവസാന കത്ത് 15ന് പുറത്തുവരും
സഖാക്കളെ അഭിസംബോധന ചെയ്യുന്ന കാനത്തിന്റെ അവസാനത്തെ കത്ത് 15നേ പുറത്തുവരൂ. പാർട്ടി സ്ഥാപക ദിനം 26 ആണ്. അതിനു മുന്നോടിയായി പാർട്ടി പ്രസിദ്ധീകരണമായ നവയുഗത്തിന്റെ 15ന് ഇറങ്ങുന്ന പതിപ്പിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള സംസ്ഥാന സെക്രട്ടറിയുടെ കത്തുണ്ടാകും. ആശുപത്രിയിലായിരുന്നെങ്കിലും നവയുഗം എഡിറ്റർ ആർ.അജയനെ വിളിച്ച് ഉള്ളടക്കം പറഞ്ഞുകൊടുത്തിരുന്നു.
ആശുപത്രിയിൽ ഒന്നര മാസം
കൊച്ചി ∙ വൃക്കരോഗ ചികിത്സയ്ക്ക് ഒക്ടോബർ 25നാണ് കാനം രാജേന്ദ്രനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂർച്ഛിച്ചതോടെ ഡയബറ്റിസ് വിഭാഗത്തിന്റെ നേതൃത്വത്തിലായി ചികിത്സ. വലതു കാലിലെ മുറിവിൽ പഴുപ്പുണ്ടായതോടെ അണുബാധ തടയാൻ മുട്ടിനുതാഴെ വരെ മുറിച്ചുനീക്കേണ്ടി വന്നു. 3–4 ദിവസം മുൻപു വരെ ആരോഗ്യ സ്ഥിതി മെച്ചമായിരുന്നെങ്കിലും വീണ്ടും അണുബാധ മൂർച്ഛിച്ചു. ഒരേസമയം വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ അലട്ടി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.