ADVERTISEMENT

ചാട്ടുളി പോലെ തറയ്ക്കുന്ന ചില നാടൻപ്രയോഗങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാവിൻതുമ്പത്തുണ്ട്. അത് ആർക്കു നേരെ തൊടുക്കാനും മടിച്ചതുമില്ല.  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തലുകൾ നടത്തുമെന്നു പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വാർത്താസമ്മേളനത്തിന്റെ പിറ്റേന്നു കാനത്തിന്റെ കമന്റ് – ‘കോഴി കോട്ടുവാ ഇട്ടതു പോലെയായി’. മുഖ്യമന്ത്രി അയച്ച കത്തുകളെല്ലാം പ്രസിദ്ധപ്പെടുത്തുമെന്നു ഗവർണർ പറഞ്ഞപ്പോൾ കാനം: ‘ഗവർണർക്കു കത്തല്ലേ അയച്ചത്, പ്രേമലേഖനമൊന്നുമല്ലല്ലോ?’  

പാർട്ടി സമ്മേളനത്തിൽ നേതൃത്വത്തെ വിമർശിച്ചല്ലോയെന്നു മാധ്യമപ്രവർത്തകർ കുത്തിച്ചോദിച്ചപ്പോൾ കിട്ടിയത് മറുചോദ്യമാണ്: ‘ഞങ്ങളുടെ യോഗത്തിൽ ഞങ്ങളെയല്ലാതെ പിന്നെ തമിഴ്നാട്ടുകാരെയാണോ വിമർശിക്കേണ്ടത്?’ എംഎൽഎ ആയിരിക്കെ നിയമസഭാ ചർച്ചയിൽ കാനം നടത്തിയ ‘മർമാണി വൈദ്യൻ കല്യാണം കഴിച്ചപോലെ’ എന്ന പ്രയോഗം അക്കാലത്ത് ഏറെ ചർച്ചയായിരുന്നു. 

പ്രവർത്തകരുമായി സംസാരിക്കുമ്പോൾ അവരിൽനിന്നു കിട്ടുന്ന പല പ്രയോഗങ്ങളും മനസ്സിൽ കുറിച്ചിടാറുണ്ടെന്നു കാനം പറഞ്ഞിട്ടുണ്ട്. പിന്നീട് സന്ദർഭാനുസരണം അവ നാവിലേക്കെത്തുന്നതാണ്. ഒരിക്കൽ പ്രസംഗത്തിനിടെ കാഴ്ചപരിമിതരെ കളിയാക്കുന്ന പഴഞ്ചൊല്ല് പറഞ്ഞതിൽ വേദന തോന്നിയെന്നും പിന്നീട് അത്തരം പ്രയോഗങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞിട്ടുണ്ട്. 

കുറിക്കുകൊള്ളുന്ന മറ്റു ചില ഡയലോഗുകൾ

∙ഗുജറാത്തിൽ സിപിഎമ്മും സിപിഐയും കൂടി മൂന്നും മൂന്നും ആറു സീറ്റിലാണ് മത്സരിച്ചത്. നമ്മൾ നരേന്ദ്ര മോദിയെ ചെറുക്കും എന്നു പറഞ്ഞാൽ ആളുകൾ ചിരിക്കുകയില്ലേ അവിടെ ? നമ്മുടെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്. അതു കഴിയണമെങ്കിൽ ബിജെപിയുടെ നിലപാടുകളെ എതിർക്കുന്ന എല്ലാവരെയും ഒരുമിപ്പിക്കണം.

∙ഉമിനീരുകൊണ്ടു മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ കഴിയൂ.

∙1965 ലെ തിരഞ്ഞെടുപ്പിൽ സിപിഎം – മുസ്‌ലിം ലീഗ് കൂട്ടുകെട്ട് ഉണ്ടായി എന്നു ബോധ്യപ്പെടാൻ പിണറായി വിജയൻ ഇഎംഎസിന്റെ സമ്പൂർണ കൃതികൾ വായിച്ചു നോക്കിയാൽ മതി. സിപിഐ പറഞ്ഞതു ചരിത്രവസ്തുതയാണ്. 

∙ജനകീയസമരങ്ങളിൽനിന്നു സർക്കാർ മുഖംതിരിച്ചാൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. ഫാഷിസത്തിനെതിരെ ലേഖനം എഴുതിയതുകൊണ്ടു കാര്യമില്ല. ഞങ്ങൾ ശരി, മറ്റുള്ളവർ തെറ്റ് എന്നതു കമ്യൂണിസ്റ്റ് നിലപാടല്ല.

∙സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയം എം.എം.മണി വായിച്ചുനോക്കുന്നതു നല്ലതാണ്. സ്വന്തം പാർട്ടിയുടെ ദേശീയ നിലപാടുകളും മനസ്സിലാക്കാൻ ശ്രമിക്കണം. ഇതൊന്നും ചെയ്യാതെ പ്രസ്താവന നടത്തിയതുകൊണ്ടു കാര്യമില്ല.

∙നോക്കുകൂലിയെന്ന പ്രയോഗം ശരിയല്ല. തൊഴിലാളിക്കു തൊഴിൽ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നൽകുന്ന നഷ്‌ടപരിഹാരമാണത്.

∙ഇടതു സർക്കാരിനെയും നവ ലിബറൽ നയങ്ങൾ സ്വാധീനിക്കുകയാണ്. ധാരാളം ഉദാഹരണങ്ങൾ കണ്ടുകഴിഞ്ഞു. എക്‌സ്‌പ്രസ്‌വേയെ നമ്മൾ എതിർത്തതാണ്. ഇപ്പോൾ തെക്കുവടക്കു പാത എന്നു പേരു മാറ്റിയാൽ എതിർപ്പു മാറില്ല. പേരു മാറ്റി ഇടതുപക്ഷം നടപ്പാക്കിയാൽ ജനം അത് അംഗീകരിക്കില്ല.

English Summary:

Kanam Rajendran special dialogues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com