ADVERTISEMENT

തിരുവനന്തപുരം ∙ ബാറുകളുടെ 200 കോടി രൂപയുടെ വിറ്റുവരവ് (ടേണോവർ) നികുതിക്കുടിശിക പിരിക്കാൻ ആംനെസ്റ്റി സ്കീം കൊണ്ടുവരും. കുടിശികയടയ്ക്കാത്ത ബാറുകളിലേക്കു മദ്യം നൽകുന്നതു തടയാനുള്ള നികുതി വകുപ്പിന്റെ നീക്കത്തിനു നിയമതടസ്സമുണ്ടായതോടെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പരിഗണിക്കുന്നത്. ബാറുടമകൾ തന്നെയാണ് നിർദേശം വച്ചത്. 70 കോടി രൂപ അടയ്ക്കാനുള്ളുവെന്നാണ് ബാറുടമകളുടെ വാദം. ആംനെസ്റ്റി സ്കീമിൽ പലിശ എഴുതിത്തള്ളുകയും മുതലിൽ ഇളവു നൽകുകയും ചെയ്യുമെന്നതിനാൽ ഈ തുക പോലും പിരി​​ഞ്ഞുകിട്ടണമെന്നില്ല. 

2014 മുതലുള്ള നികുതിയിനത്തിലും പലിശയിനത്തിലുമായാണു പണമടയ്ക്കേണ്ടത്. കൂടുതൽ കുടിശിക വരുത്തിയ 24 ബാറുകൾക്കുള്ള മദ്യവിതരണം ജിഎസ്ടി വകുപ്പിന്റെ ആവശ്യപ്രകാരം 4 ദിവസം നിർത്തിവച്ചിരുന്നു. ലൈസൻസ് ഉണ്ടെങ്കിൽ മദ്യം നൽകണം. അതുകൊണ്ടു വ്യക്തമായ നിർദേശമുണ്ടാകണമെന്നു ബവ്കോ ആവശ്യപ്പെട്ടിരുന്നു.

ജില്ലകളിൽനിന്നു ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർമാരുടെ കത്തു കിട്ടിയാൽ ബാറുടമയ്ക്ക് 10 ദിവസത്തെ നോട്ടിസ് നൽകിയ ശേഷം മദ്യവിതരണം നിർത്തിവയ്ക്കാനാണ് ഇപ്പോൾ നികുതി വകുപ്പിന്റെ നിർദേശം. എന്നാൽ 10% ടേണോവർ നികുതിക്കു വേണ്ടി 90% എക്സൈസ് നികുതി നഷ്ടപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നതെന്നു ബവ്കോ ശ്രദ്ധയിൽപെടുത്തി. ഇതോടെയാണ് മാർച്ചി‍ൽ ആംനെസ്റ്റി സ്കീം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നത്. 

മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്തും കോവിഡ് കാലത്തും ബാറുകൾ കൂട്ടത്തോടെ അടച്ചു തുറന്ന ഇടവേളയിൽ നികുതിയടയ്ക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണു ബാറുടമകളുടെ വാദം. ടേണോവർ നികുതി നേരിട്ട് അടയ്ക്കുന്നതിനു പകരം വെയർഹൗസിൽനിന്നു മദ്യമെടുക്കുന്ന സമയത്തു ബവ്കോ വഴി സർക്കാരിലേക്കു നൽകാമെന്ന നിർദേശവും ബാറുടമകൾ വച്ചിട്ടുണ്ട്. ഈ സാധ്യതയും നികുതി വകുപ്പ് പഠിക്കുന്നുണ്ട്. 

അതേസമയം, 1970 മുതൽ 2000 വരെ കാലത്ത് കള്ളു ഷാപ്പ് ലേലത്തിനെടുത്ത അബ്കാരികൾ സർക്കാരിലേക്കു നൽകാനുള്ള 267 കോടി രൂപ പിരിച്ചടുക്കാൻ ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചിട്ടു 3 വർഷമായെങ്കിലും ഒരു രൂപ പോലും ഇതുവരെ പിരിച്ചിട്ടില്ല. 

English Summary:

BAR: One time settlement scheme to collect tax dues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com