"ഞാൻ തിരിച്ചുവരുമെടാ": പാലിക്കാതെ പോയ വാക്ക്, പ്രവർത്തകരെ കണ്ണീരിലാഴ്ത്തി കാനത്തിന്റെ അന്ത്യയാത്ര
Mail This Article
തിരുവനന്തപുരം ∙ പതിവായി കാറിലാണു കാനം രാജേന്ദ്രൻ കോട്ടയത്തേക്കു പോകാറുള്ളത്; ഇന്നലെ അവസാന യാത്ര ബസിൽ. പതിവായിരിക്കുന്ന ഇടതു സീറ്റിനു പകരം വലതു വശത്തായിരുന്നു സ്ഥാനം. നാട്ടിലേക്കുള്ള യാത്രയിൽ പ്രിയപ്പെട്ട സഖാക്കളെ കാണാൻ പോകാറുണ്ടായിരുന്നു മുൻപ്. ഇന്നലെ സഖാവിനെക്കാണാൻ പാർട്ടി പ്രവർത്തകരുൾപ്പെടെ നൂറു കണക്കിനാളുകൾ എംസി റോഡരികിൽ കാത്തുനിന്നു. കാനം മടങ്ങുകയാണ്. മുൻപൊക്കെയും ശക്തിയും ഊർജവും വീണ്ടെടുത്തു മടങ്ങാനുള്ള യാത്രയായിരുന്നെങ്കിൽ, ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു മാത്രം.
പട്ടം ജംക്‌ഷനിലെ പിഎസ് സ്മാരകത്തിൽനിന്നു കാനം അന്ത്യയാത്രയ്ക്കിറങ്ങിയത് ഉച്ചയ്ക്കു രണ്ടേകാലോടെ. അര നൂറ്റാണ്ടിലധികം അദ്ദേഹം അംഗമായിരുന്ന പാർട്ടി ആസ്ഥാനത്തു നിന്നുള്ള വിടപറയൽ വികാരഭരിതമായിരുന്നു. ദുഃഖം കൊണ്ട് കനം കൊണ്ട മുഖങ്ങൾ. മുദ്രാവാക്യങ്ങൾക്കിടയിലൂടെ കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസിലേക്ക്.
പ്രിയസഖാവിന് വിട
നവകേരള സദസ്സിന്റെ ബസിൽനിന്നു പ്രിയ സഖാവിന്റെ അന്ത്യയാത്രയ്ക്ക് ഒരുക്കിയ ബസിലേക്കുള്ള വേദനിപ്പിക്കുന്ന മാറ്റം ഉൾക്കൊള്ളേണ്ട അവസ്ഥയിലാണ് മന്ത്രിമാരായ ജി.ആർ.അനിൽ, പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി എന്നിവർ. സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പ്രകാശ് ബാബു തുടങ്ങിയവരും കാനത്തിന്റെ മകൻ സന്ദീപും മകന്റെ മകൻ ആദർശും മകൾ സ്മിതയുടെ മകൻ ആകാശും ബസിലുണ്ടായിരുന്നു.
സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പൊതുദർശനത്തിനു ബസ് നിർത്തിയ കേന്ദ്രങ്ങളിലെല്ലാം പുറത്തിറങ്ങി ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിലാപയാത്രയിൽ ആദ്യ പൊതുദർശനം തിരുവനന്തപുരം മണ്ണന്തലയിലായിരുന്നു. വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ നൂറുകണക്കിനു പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
ഒരേയൊരു കാനം; പല ഓർമകൾ
‘കഴിഞ്ഞയാഴ്ച അമൃത ആശുപത്രിയിൽ വച്ചു കണ്ടപ്പോൾ കാനം പറഞ്ഞു– ഞാൻ തിരിച്ചുവരുമെടാ–’ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ അവസാനം കാനത്തെക്കണ്ട നിമിഷം ഓർമിച്ചതിങ്ങനെ. കൊട്ടാരക്കരയിൽ കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. കൊട്ടാരക്കര വഴി പോകുമ്പോഴെല്ലാം വിളിക്കുകയും വീട്ടിലെത്തുകയും ചെയ്തിരുന്ന കാനത്തെയാണ് സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.മന്മഥൻ നായർ ഓർമിക്കുന്നത്.
കൊല്ലം ജില്ലയിൽ നിലമേൽ, ചടയമംഗലം, ആയൂർ, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂർ, തിരുവല്ല, കോട്ടയം ജില്ലയിൽ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദർശനമുണ്ടായി. കോട്ടയത്തെ പാർട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം പുലർച്ചെ രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വലിയ ജനാവലി യാത്രാമൊഴി ചൊല്ലാനുണ്ടായിരുന്നു.