ADVERTISEMENT

തിരുവനന്തപുരം ∙ ഇടതു സർക്കാരിലെ തിരുത്തൽശക്തിയെന്ന സിപിഐയുടെ പേരിന് ഇടിവുണ്ടായെന്നു പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയർന്നതു കാനത്തിന്റെ കാലത്താണ്. എന്നാൽ വ്യക്തിപരമായി എത്ര പഴി കേട്ടാലും രാജ്യത്തെ ഏക ഇടതു സർക്കാരിനു കോട്ടംതട്ടുന്നതൊന്നും തന്നിൽനിന്നുണ്ടാവില്ലെന്ന നിർബന്ധബുദ്ധി കാനം പുലർത്തി. 

നായനാർ, വിഎസ് സർക്കാരുകളുടെ കാലത്ത് വെളിയം ഭാർഗവൻ സ്വീകരിച്ച ശൈലി കാനവും തുടരുമെന്നാണ് അദ്ദേഹത്തെ അറിഞ്ഞവരെല്ലാം കരുതിയത്. ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ കാനം ആ പ്രതീക്ഷ കാത്തു. പൊലീസിന് അമിതാധികാരം നൽകി കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം, ഇടതുമുന്നണി എക്കാലവും എതിർത്തുപോന്ന യുഎപിഎ ചുമത്തിയ നടപടി, മാവോയിസ്റ്റുകൾക്കെതിരായ വെടിവയ്പ് എന്നിവയിലെല്ലാം കാനം സർക്കാരുമായി കോർത്തു. സിപിഎമ്മിന്റെ ചൈനാഭക്തിയെ തുറന്നെതിർത്തു.

സിപിഎമ്മിനോട് ഇടഞ്ഞവർക്കു സിപിഐയിലേക്കു സ്വാഗതമോതി. വർഗീയതയെ ചെറുക്കാൻ തങ്ങൾ മാത്രം മതിയെന്ന നിലപാട് വിടുവായത്തമെന്നു പറഞ്ഞാണ്, ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കാത്ത സിപിഎമ്മിനെ വിമർശിച്ചത്. ബാർകോഴക്കേസിൽ രാജിവച്ച കെ.എം.മാണിയെ ഇടതുമുന്നണി സ്വീകരിക്കുന്നതിൽ കടുത്ത വിയോജിപ്പ് അറിയിച്ചു. കേരള കോൺഗ്രസ്(എം) വരുന്നതിനെ എതിർക്കുന്നതു ഭയം കൊണ്ടെന്നു കളിയാക്കിയവരോടു കാനം പറഞ്ഞു– ‘ആറിനെക്കാൾ വലുതാണ് 19.’ അന്നു നിയമസഭയിൽ സിപിഐക്കു 19 പേരും കേരള കോൺഗ്രസിന് 6 പേരുമായിരുന്നു.  

എന്നാൽ,  പിന്നീട് സർക്കാരിനെതിരെ സിപിഐയുടെ പ്രതികരണങ്ങളുടെ മൂർച്ച കുറഞ്ഞു. കേരള കോൺഗ്രസിന്റെ(എം) മുന്നണിപ്രവേശത്തിനു പച്ചക്കൊടി വീശി. പാർട്ടിയിലെ പരിസ്ഥിതിവാദികളുടെ എതിർപ്പു മറികടന്നാണ് സിൽവർലൈൻ വിഷയത്തിൽ സിപിഎമ്മിനൊപ്പം നിന്നത്. സഹകരണബാങ്ക്, സ്വർണക്കടത്ത്, ലൈഫ് മിഷൻ വിഷയങ്ങളിൽ സിപിഎം പ്രതിരോധത്തിലായപ്പോഴും കാനത്തിന്റെ എതിർശബ്ദം പുറമേ ഉയർന്നില്ല. ഗവർണറെ സിപിഎം നേതാക്കളെക്കാൾ മൂർച്ചയോടെ നേരിട്ടു. സിപിഎമ്മിനു കീഴ്പെടുന്നുവെന്ന ഉൾപാർട്ടി വിമർശനത്തെ, ദേശീയ രാഷ്ട്രീയം പറഞ്ഞും ഇടത് ഐക്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയും പ്രതിരോധിച്ചു.  

എന്നാൽ, പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നു ശക്തിയായി ആവശ്യപ്പെടുകയും സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്താൻ ജോയിന്റ് കൗൺസിലിനെ പിന്തുണയ്ക്കുകയും ചെയ്തത് ഇതേ കാനമാണ്. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ സിപിഐയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന സിപിഎം നേതാക്കളെ അടിയന്തരാവസ്‌ഥക്കാലത്തെ അവരുടെ ആർഎസ്‌എസ്, ജമാഅത്തെ ഇസ്‌ലാമി ബന്ധം ഓർമിപ്പിച്ചു നിശ്ശബ്‌ദരാക്കിയതും കാനം തന്നെ.

English Summary:

Kanam rajendran fought for the party without making any damage to left government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com