മടിക്കേരിയിലെ റിസോർട്ടിൽ മലയാളി ദമ്പതികളും മകളും മരിച്ച നിലയിൽ

Mail This Article
കൊല്ലം, കണ്ണൂർ∙ കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളും 11 വയസ്സുകാരിയായ മകളും മരിച്ച നിലയിൽ. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പരവൂർ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43) ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്റെ രണ്ടാം ഭാര്യയാണ് ജിബി. ജിബിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ട ജെയ്ൻ മരിയ.
മടിക്കേരിയിലെ റിസോർട്ടിൽ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. ശനിയാഴ്ച രാവിലെ ചെക്ക്–ഔട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും ആരെയും പുറത്തു കണ്ടില്ല. സംശയം തോന്നിയ ജീവനക്കാർ ജനൽ തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം നടത്തി.
കരസേനയിലെ ജോലി കരാർ കാലാവധി തീരുന്നതിനു മുൻപ് ഉപേക്ഷിച്ചു നാട്ടിലെത്തിയ വിനോദ് കോട്ടയം അയ്മനം സ്വദേശിയായ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഇൗ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. വിവാഹമോചനത്തിനു ശേഷം തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായ ജിബി ഏബ്രഹാമുമായി അടുപ്പത്തിലാകുകയും 3 മാസം മുൻപ് പരവൂർ നെടുങ്ങോലം റജിസ്റ്റർ ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു.
2012 ൽ കരസേനയിൽ നിന്നു മടങ്ങിയെത്തിയ വിനോദ് ബാംഗ്ലൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ 2 വർഷമായി തിരുവല്ലയിലാണ് താമസം. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ മടിക്കേരിയിലേക്ക് തിരിച്ചിട്ടുണ്ട്.