പൊലീസുകാർ തമ്മിലടിച്ചു; ഇരുവർക്കും പരുക്ക്
Mail This Article
പാലക്കാട് ∙ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഒാഫിസിൽ തമ്മിലടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷൻ. കൈകൾക്കു മുറിവേറ്റ ഇരുവരും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ ജില്ലാ പൊലീസ് ഒാഫിസിനോടു ചേർന്ന ജില്ലാ സ്പെഷൽ ബ്രാഞ്ച് റെക്കോർഡ് മുറിയിലായിരുന്നു സംഭവം.
വ്യക്തിപരമായ പ്രശ്നത്തിൽ ആരംഭിച്ച വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിലടിക്കിടെ ചില്ലലമാര പൊട്ടിയാണ് ഇരുവർക്കും മുറിവേറ്റതെന്നാണു റിപ്പോർട്ട്. സീനിയർ സിവിൽ പൊലീസ് ഒാഫിസർ ഡി.ധനേഷ്, സിവിൽ പൊലീസ് ഒാഫിസർ ബി.ദിനേശ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് സസ്പെൻഡ് ചെയ്തത്.
ഞായറാഴ്ചയായിരുന്നതിനാൽ ഒാഫിസിൽ നാലു പേർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മുറിയിൽ നിന്നു പുറത്തെത്തിയ ധനേഷ്, തന്നെ ദിനേശ് മർദിച്ചെന്നു പറഞ്ഞപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ അകത്തുണ്ടായ സംഘട്ടനം അറിഞ്ഞത്. ദിനേശിന്റെ വലതു കൈയ്ക്ക് മുറിവും ഒടിവും, ധനേഷിന്റെ വലതു കൈയ്ക്ക് മുറിവും ഉണ്ടായിട്ടുണ്ട്. സ്ഥലത്തെത്തിയ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.പ്രവീൺകുമാർ പ്രാഥമികാന്വേഷണം നടത്തി.