ADVERTISEMENT

കൊച്ചി / തിരുവനന്തപുരം∙ സർക്കാരിന്റെയും സപ്ലൈകോയുടെയും സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് റേഷൻ കടകൾ വഴി 94 ലക്ഷം കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യധാന്യ വിതരണം അനിശ്ചിതത്വത്തിലേക്ക്. ബിൽ കുടിശിക നൽകാതെ ഇന്നു മുതൽ കടകളിലേക്കു സാധനങ്ങൾ വിതരണം ചെയ്യില്ലെന്ന് കരാറെടുത്തവരുടെ സംഘടനയായ കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻഎഫ്എസ്എ) അറിയിച്ചു. ഇതോടെ ക്രിസ്മസിനു റേഷൻ സാധനവിതരണം പ്രതിസന്ധിയിലായി. ഈ മാസം സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ 20 ശതമാനത്തിൽ മാത്രമാണു ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടുള്ളത്. 

കുടിശിക തുക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയതിനു പിന്നാലെയാണു ഇന്നു മുതൽ വിതരണം നിർത്തിവയ്ക്കുകയാണെന്നു സംഘടന രേഖാമൂലം സപ്ലൈകോയെ അറിയിച്ചത്. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കുള്ള ‘വാതിൽപടി’ വിതരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോയാണ് കരാറുകാരെ നിയമിച്ചിരിക്കുന്നത്. ബിൽ തുകയായി 100 കോടി രൂപയാണ് വിതരണക്കാർക്കു സപ്ലൈകോ നൽകാനുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേതു ഭാഗികമായും നവംബറിലേതു പൂർണമായും നൽകാനുണ്ട്. 

സപ്ലൈകോയിൽ ഓഡിറ്റ് നടക്കാത്തതിനാൽ 2022 ജനുവരി മുതലുള്ള ബിൽ തുകയിലെ 10% പിടിച്ചുവച്ചിരിക്കുകയാണെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഇസ്മായിൽ പറഞ്ഞു. 2022നുശേഷം പുതിയ കരാർ ക്ഷണിക്കാതെ മൂന്നു മാസം കൂടുമ്പോൾ പുതുക്കുകയാണ്. അടിയന്തരമായി തുക അനുവദിക്കമെന്നാവശ്യപ്പെട്ട് അസോസിയേഷൻ സപ്ലൈകോ അധികൃതർക്ക് 4നു കത്തു നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. 

ഒക്ടോബർ, നവംബർ മാസത്തെ വേതനം മുടങ്ങിയ സാഹചര്യത്തിൽ റേഷൻ വ്യാപാരികൾ ഇതുവരെയും സാധനങ്ങൾക്കു പണം അടയ്ക്കാൻ തയാറാകാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങൾ വിറ്റഴിച്ച വകയിൽ സർക്കാരിനു ലഭിക്കാനുള്ള പണവും വ്യാപാരികൾക്കുള്ള വേതനവും തട്ടിക്കിഴിച്ച ശേഷം ബാക്കി തുക ക്രെഡിറ്റ് അനുവദിക്കുന്ന സമ്പ്രദായത്തിനും സർക്കാർ തയാറായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരി സംഘടനകൾ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകിയെങ്കിലും തീരുമാനമായിട്ടില്ല. 

English Summary:

Ration distribution crisis during Christmas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com