ADVERTISEMENT

ശബരിമല ∙ തീർഥാടകത്തിരക്കു നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനം തുടർച്ചയായ മൂന്നാം ദിവസവും പാളി. ഇതോടെ ദർശനത്തിനായി തീർഥാടകർക്കു ക്യൂ നിൽക്കേണ്ടി വന്നതു മണിക്കൂറുകൾ. ദർശനസമയം ഇന്നലെ മുതൽ ഒരു മണിക്കൂർ കൂട്ടി. ഉച്ചയ്ക്ക് ഒന്നിന് നട അടച്ചശേഷം മൂന്നിനു തുറക്കും. നേരത്തേ 4 മണിക്കാണു തുറന്നിരുന്നത്.

തിരക്കു നിയന്ത്രണം ഉറപ്പാക്കണമെന്നു ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ ശനിയാഴ്ച നിർദേശം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പമ്പയിൽനിന്നു സന്നിധാനത്ത് എത്താൻ 14 മണിക്കൂറാണു വേണ്ടിവന്നത്. തിരക്കു കുറയ്ക്കാൻ തീർഥാടകരുടെ വാഹനങ്ങൾ 8 മണിക്കൂറിലേറെ എരുമേലി, മുക്കൂട്ടുതറ, കണമല, നാറാണംതോട്, ഇലവുങ്കൽ, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ പിടിച്ചിട്ടു.

പമ്പാ മണപ്പുറത്ത് 4 മണിക്കൂർ വരെ തടഞ്ഞു നിർത്തിയ ശേഷമാണു തീർഥാടകരെ മലകയറാൻ അനുവദിച്ചത്. ശബരിപീഠം മുതൽ പതിനെട്ടാംപടി വരെ മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാത്ത വിധത്തിൽ തീർഥാടകർ ബാരിക്കേഡിനുള്ളിൽ കുടുങ്ങി.

ദർശന സമയം കൂട്ടാൻ കഴിയുമോയെന്ന് ആലോചിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതെത്തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, സെക്രട്ടറി ജി.ബൈജു, എക്സിക്യൂട്ടീവ് ഓഫിസർ വി.കൃഷ്ണകുമാർ എന്നിവർ നടത്തിയ ചർച്ചയിലാണു നട മൂന്നു മണിക്കു തുറക്കാനുള്ള തീരുമാനം. ഇക്കാര്യം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയും അറിയിച്ചു.

പഴിചാരി ബോർഡും പൊലീസും

തിരക്ക് നിയന്ത്രണം പാളിയതോടെ പരസ്പരം പഴിചാരുകയാണു പൊലീസും ദേവസ്വം ബോർഡും. പരമാവധി പേർക്ക് ദേവസ്വം ബോർഡ് വെർച്വൽ ക്യു അനുവദിച്ചതാണു തിരക്കു കൂടാൻ കാരണമെന്നു പൊലീസ് പറയുമ്പോൾ മുൻപരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കിയതും പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറച്ചതുമാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു ബോർഡിന്റെ വാദം. നേരത്തേ മിനിറ്റിൽ 70–80 പേരെങ്കിലും പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പരമാവധി 40 പേരെ മാത്രമേ കയറ്റിവിടാനാകുന്നുള്ളൂ. പുതുതായി സേവനത്തിനെത്തിയ പൊലീസുകാർക്കു മുൻപരിചയമില്ലെന്നാണു പരാതി.

English Summary:

Sabarimala Darshanam added by one more hour; nada to be open at 3 pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com