ADVERTISEMENT

കാനം (കോട്ടയം) ∙ കാനത്തിന്റെ വഴികളും ഇടവഴികളും നിറഞ്ഞുകവിഞ്ഞ ജനത്തെ സാക്ഷിനിർത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ (73) സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു. പാർട്ടി അണികളിൽ നിന്നുയർന്ന മുദ്രാവാക്യങ്ങൾക്കിടയിൽ കൊച്ചുകളപ്പുരയിടം വീടിന്റെ തെക്കുവശത്തെ പുളിമരച്ചോട്ടിൽ നേതാവിന്റെ ചിത എരിഞ്ഞടങ്ങി.

കാനം രാജേന്ദ്രന്റെ മാതാപിതാക്കളായ വി.കെ.പരമേശ്വരൻ നായർ, ടി.കെ.ചെല്ലമ്മ എന്നിവരുടെ അന്ത്യവിശ്രമ സ്ഥലത്തിനടുത്താണു ചിത ഒരുക്കിയത്. മതാചാരപ്രകാരമല്ലാതെ നടന്ന സംസ്കാരച്ചടങ്ങിൽ മകൻ സന്ദീപ് ചിതയ്ക്കു തീകൊളുത്തി. മന്ത്രിമാരായ പി.പ്രസാദും കെ.രാജനും അടക്കം പാർട്ടി പ്രവർത്തകരിൽ പലരും സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു.

കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ച ശേഷം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണു മൃതദേഹം വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, മന്ത്രിമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സമയക്രമം പാലിച്ചു സംസ്കാരം നടത്തുമ്പോഴും പ്രിയ നേതാവിനെ കാണാനെത്തിയവരുടെ നിര പുറത്തേക്കു നീണ്ടു. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു അന്തിമോപചാരം അർപ്പിച്ചു.

English Summary:

Thousands pay their last respects to Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com