ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർക്കെതിരെ എസ്എഫ്ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയത് 24 മണിക്കൂറിനിടെ 3 തവണ. പ്രതിഷേധത്തിനു സാധ്യതയുള്ള സ്ഥലങ്ങൾ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്ക്കു നൽകിയ മൂന്നാമത്തെ റിപ്പോർട്ട്.

അധിക സുരക്ഷ ഏർപ്പെടുത്തണമെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് ഉന്നതർ അവഗണിച്ചു. മാത്രമല്ല രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തി.  

കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചതിനെ തുടർന്നു ഞായറാഴ്ച വൈകിട്ടായിരുന്നു ഇന്റലിജൻസിന്റെ ആദ്യ റിപ്പോർട്ട്. ഇന്നലെ ഗവർണർക്ക് വിമാനത്താവളത്തിലേക്കു പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാന്തര റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിർദേശിച്ചു. ഇതു രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച വൈകിട്ട് വയർലെസ് സന്ദേശവും നൽകി. 

പ്രതിഷേധം കനക്കുമെന്ന സൂചന നൽകി ഇന്നലെ രാവിലെയായിരുന്നു രണ്ടാമത്തെ ഇന്റലിജൻസ് റിപ്പോർട്ട്. ഉച്ചയ്ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിൽ പാളയത്ത് അണ്ടർ പാസിന് സമീപത്തും പേട്ടയിലുമായി 3 സ്ഥലങ്ങളിലാണു പ്രതിഷേധ സാധ്യതയെന്നു കൃത്യമായി ചൂണ്ടിക്കാട്ടുകയും സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്നു നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതനുസരിച്ചുള്ള മുൻകരുതലോ അധിക സുരക്ഷാ നടപടികളോ പൊലീസ് സ്വീകരിച്ചില്ല. 

സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന പൊലീസ് അസോസിയേഷൻ ഉന്നത നേതാവ് റൂട്ട് കൃത്യമായി എസ്എഫ്ഐ നേതൃത്വത്തിന് ചോർത്തിയെന്നു കണ്ടെത്തിയതും ഇന്നലെ രാവിലെയാണ്. സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു. 

എസ്എഫ്ഐ പ്രതിഷേധത്തോടു ഗവർണർ രൂക്ഷമായി പ്രതികരിച്ചതോടെ സർക്കാരും ആഭ്യന്തര വകുപ്പും വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നു പരസ്യമായി പ്രഖ്യാപിച്ച ഗവർണർ സമാന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും.

English Summary:

Police leaked the governor travel route to SFI leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com