ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല;സിപിഐയിൽ മുറുമുറുപ്പ്

Mail This Article
തിരുവനന്തപുരം/ പാലക്കാട് ∙ കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെ സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറി ആക്കിയതിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനുള്ള മുറുമുറുപ്പു പുറത്തേക്ക്. പാർട്ടി കീഴ്‌വഴക്കം ലംഘിച്ചാണ് ഈ നിയമനമെന്നും താൽക്കാലിക ചുമതല ബിനോയിക്കു നൽകേണ്ട അടിയന്തര ആവശ്യം പാർട്ടിക്കു മുന്നിൽ ഉണ്ടായിരുന്നില്ലെന്നും മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ തുറന്നടിച്ചു.
സിപിഐ ദേശീയ നിർവാഹകസമിതി യോഗം ഒഡീഷയിലെ ഭുവനേശ്വറിൽ ആരംഭിച്ച ദിവസമാണ് ഈ പരസ്യ വിമർശനത്തിന് ഇസ്മായിൽ തിരഞ്ഞെടുത്തത്. ഇന്നലെയും ഇന്നുമായി ചേരുന്ന ദേശീയ നേതൃയോഗം കേരളത്തിലെ സംഘടനാ സാഹചര്യം ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിൽ 28നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗമാണു പുതിയ സെക്രട്ടറിയെ ഔപചാരികമായി തിരഞ്ഞെടുക്കേണ്ടത്.
കാനത്തിന്റെ സംസ്കാരം നടന്ന ദിവസം തന്നെ കോട്ടയത്ത് അടിയന്തരമായി സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് ബിനോയിക്കു സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇതിനു മുൻകയ്യെടുത്തു. തിരക്കുപിടിച്ചു നിയമനം ആവശ്യമുണ്ടോയെന്ന് ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ഉൾപ്പെടെ ചില നേതാക്കൾ ചോദിച്ചെങ്കിലും പൊതുപിന്തുണ ബിനോയിക്കു ലഭിച്ചു. താൻ അവധിയിൽ പ്രവേശിക്കുന്ന സമയത്ത് ബിനോയിക്കു ചുമതല നൽകണം എന്നാവശ്യപ്പെട്ടു കേന്ദ്ര നേതൃത്വത്തിനു കാനം നേരത്തേ നൽകിയ കത്ത് ബിനോയിയുടെ ആരോഹണം എളുപ്പമാക്കി.
കത്ത് ആരും കണ്ടിട്ടില്ല; മതിയായ ചർച്ച നടന്നിട്ടില്ല: കെ.ഇ. ഇസ്മായിൽ
കാനത്തിന്റെ കത്ത് ഉണ്ടെന്നു പറയുന്നതല്ലാതെ ആരും കണ്ടിട്ടില്ലെന്ന് ഇസ്മായിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമല്ല. സെക്രട്ടറിയുടെ അഭാവത്തിൽ ചുമതല നിർവഹിക്കാൻ അസി. സെക്രട്ടറിമാരുണ്ട്. ദേശീയ നിർവാഹകസമിതി യോഗവും സംസ്ഥാന കൗൺസിൽ യോഗവും നിശ്ചയിച്ചിരിക്കെ അതിനു മുൻപു നിർവാഹകസമിതി യോഗം ചേർന്നു സെക്രട്ടറിയുടെ ചുമതല ഏൽപിക്കേണ്ട സാഹചര്യം പാർട്ടിയിൽ ഉണ്ടായിരുന്നില്ല.
സംസ്ഥാന കൗൺസിലാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ബിനോയ് വിശ്വം നല്ല സഖാവാണ്, സംഘാടകനാണ്. കഴിവുകെട്ടവനാണെന്ന് അഭിപ്രായമില്ല. ആർക്കെങ്കിലും എതിരഭിപ്രായം ഉള്ളതായും അറിയില്ല. പക്ഷേ, ദേശീയ നേതൃത്വം വേണ്ടതുപോലെ ചർച്ച നടത്തിയിട്ടായിരുന്നു സെക്രട്ടറിയെ തീരുമാനിക്കേണ്ടിയിരുന്നത്. കീഴ്‌വഴക്കങ്ങൾ ലംഘിച്ചാൽ പാർട്ടി കമ്മിറ്റിയിലാണു പരിശോധിക്കുക. അതുണ്ടാകുമെന്നാണു പ്രതീക്ഷ– ഇസ്മായിൽ പറഞ്ഞു.
കെ.ഇ.ഇസ്മായിൽ അങ്ങനെ പറയുമെന്നു കരുതുന്നില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. അനുഭവ സമ്പത്തുള്ള മുതിർന്ന നേതാക്കൾക്ക് അഭിപ്രായം എവിടെ പറയണമെന്നു വ്യക്തമായി അറിയാമെന്നും ബിനോയ് പറഞ്ഞു.