ADVERTISEMENT

കൊച്ചി ∙ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ (ഐഎസ്ബി) കണ്ടെത്തലിൽ കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം ത്വരിതാന്വേഷണം തുടങ്ങി.

ഐഎസ്ബി മുൻപാകെ പരിശോധനയ്ക്കു വന്ന രേഖകളും മൊഴികളും വ്യക്തമാക്കുന്ന പ്രകാരം സിഎംആർഎൽ കമ്പനി 2016 നു ശേഷം 135 കോടി രൂപ വിതരണം ചെയ്തത് ആർക്കെല്ലാമാണ്, എന്തിനുവേണ്ടിയാണ് എന്നു കണ്ടെത്തേണ്ടത് മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ആണ്. നിയമോപദേശപ്രകാരം കേസ് അവർക്കു കൈമാറുന്നതിനു മുന്നോടിയായാണ് ത്വരിതാന്വേഷണം നടത്തുന്നത്.

കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറൽ ഓഫിസിന്റെ ബെംഗളൂരു, ചെന്നൈ റീജനൽ ഡയറക്ടർമാർക്കാണ് അന്വേഷണച്ചുമതല. ഐഎസ്ബി കണ്ടെത്തിയ രേഖകളും മൊഴികളും വസ്തുതാപരമാണെന്നു കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറൽ റിപ്പോർട്ട് ചെയ്താൽ കേസന്വേഷണം എസ്എഫ്ഐഒ ഏറ്റെടുക്കും.

2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും അവയെക്കുറിച്ച് എംഡിയും ഉദ്യോഗസ്ഥരും നൽകിയ മൊഴികളുമാണ് കേസിനാധാരം.

3 കാര്യങ്ങളാണു ത്വരിതാന്വേഷണത്തിൽ പ്രധാനമായി പരിശോധിക്കുന്നത്:

1. വ്യവസായ ആവശ്യങ്ങൾക്കു വേണ്ടി നിയമവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ എന്തെങ്കിലും പരിഗണന സിഎംആർഎൽ കമ്പനി പണം നൽകി നേടിയിട്ടുണ്ടോ?

2. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന് (കെഎസ്ഐഡിസി) സിഎംആർഎൽ കമ്പനിയിൽ 13.4% ഓഹരി നിക്ഷേപമുണ്ടെങ്കിൽ കേസ് പൊതുഖജനാവു ദുർവിനിയോഗത്തിന്റെ പരിധിയിൽ വരുമോ?

3. സിഎംആർഎൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണെങ്കിൽ ആരോപിക്കെപ്പടുന്ന കാര്യങ്ങൾ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചട്ടങ്ങളുടെ ലംഘനമാണോ?

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ)

വൻകിട വ്യവസായ രംഗത്തെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ജുഡീഷ്യൽ അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ. കേന്ദ്ര സർക്കാർ, സുപ്രീം കോടതി, ഹൈക്കോടതി എന്നിവ നിർദേശിക്കുന്ന കേസുകളാണ് ഇവർക്ക് ഏറ്റെടുക്കാവുന്നത്. ഓരോ സംസ്ഥാനത്തും സെഷൻസ് കോടതിയുടെ പദവിയുള്ള കോടതിക്കാണ് എസ്എഫ്ഐഒ കേസുകളുടെ വിചാരണാധികാരം.

English Summary:

Center intervening in income tax interim settlement board report that CMRL gave crores to leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com