സിഎംആർഎൽ: അന്വേഷണം നിർദേശിച്ചത് ആദായനികുതി വകുപ്പ്

Mail This Article
കൊച്ചി ∙ കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 135 കോടി രൂപ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും നിയമവിരുദ്ധമായി നൽകിയെന്ന കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്ഐഒ) കൈമാറണമെന്നു ശുപാർശ നൽകിയത് ആദായനികുതി വകുപ്പ്.
കരിമണൽ (ഇൽമനൈറ്റ്) വൻതോതിൽ ഖനനം ചെയ്യുമ്പോഴത്തെ തീരശോഷണവും പരിസ്ഥിതിനാശവും മൂലമുണ്ടാകുന്ന പ്രതിഷേധങ്ങളെ മുളയിലേ നുള്ളാനാണു വൻതുക ചെലവഴിച്ചതെന്നു വെളിപ്പെടുത്തിയത് സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസറാണ്. രാഷ്ട്രീയനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മറ്റും പണം നൽകിയതിലൂടെ ബിസിനസ് വൻതോതിൽ വളർത്താനുള്ള അസംസ്കൃതവസ്തു നിയമവിരുദ്ധമായി സിഎംആർഎലിനു ലഭിച്ചതായാണു ചീഫ് ഫിനാൻസ് ഓഫിസറുടെ മൊഴികൾ വ്യക്തമാക്കുന്നത്. ഈ വെളിപ്പെടുത്തലിനെത്തുടർന്നാണ് എസ്എഫ്ഐഒയുടെ അന്വേഷണത്തിന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് (ഐഎസ്ബി) ശുപാർശ ചെയ്തത്.
കൊല്ലം ചവറ തീരത്തെ കരിമണലാണു ടൈറ്റാനിയം സ്‌പോഞ്ച് ലോഹത്തിന്റെ സുപ്രധാന അസംസ്‌കൃതവസ്‌തു. കരിമണലിലെ ഇൽമനൈറ്റിന്റെ ഗ്രേഡ് 90 ശതമാനത്തോളം വർധിപ്പിച്ചു സിന്തറ്റിക് റൂട്ടൈലാക്കി കയറ്റുമതി ചെയ്യുന്ന ബിസിനസാണു സിഎംആർഎൽ ചെയ്യുന്നത്.
ഇതിന്റെ മൂല്യവർധിത ഉൽപന്നമായ ടൈറ്റാനിയം ടെട്രാക്ലോറൈഡ് ഉപയോഗിച്ചു ടൈറ്റാനിയം സ്‌പോഞ്ച് നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനമാണു ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ). കെഎംഎംഎലിനു ലഭിക്കുന്നതിനെക്കാൾ കൂടുതൽ അസംസ്കൃത ഇൽമനൈറ്റ് സിഎംആർഎലിനു ലഭിക്കുന്നതിനെതിരെ 2013ൽത്തന്നെ പരാതി ഉയർന്നിരുന്നു.
2016 മുതൽ കേരളത്തിലെ രാഷ്ട്രീയനേതാക്കൾക്കു 135 കോടി രൂപ നൽകിയതിനു ശേഷം സിഎംആർഎൽ നേടിയ വൻസാമ്പത്തിക ലാഭത്തിനു പിന്നിൽ സംഘടിത സാമ്പത്തിക കുറ്റകൃത്യവും രാഷ്ട്രീയ–ഉദ്യോഗസ്ഥ അഴിമതിയും ആരോപിക്കപ്പെട്ടതോടെയാണു കേസിൽ കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടു ത്വരിതാന്വേഷണം നടത്തുന്നത്.