ADVERTISEMENT

തൃശൂർ ∙ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥനു നാടിന്റെ ബാഷ്പാഞ്ജലി. പാട്ടുരായ്ക്കൽ വസന്തനഗറിലെ വസതിയിൽ അന്ത്യകർമങ്ങൾക്കു ശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വനംമന്ത്രിയായിരുന്നതിനാൽ വനംവകുപ്പിന്റെ സേനാബഹുമതിയാണ് ആദ്യം നൽകിയത്. പൊലീസ് ബഹുമതി കൂടി നൽകിയശേഷം ബന്ധുക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സംസ്കാരം നടത്തി. 

സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനിടെ ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണു വിശ്വനാഥൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മണ്ഡലമായ പുതുക്കാട്ട് മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയവരും അന്ത്യാഞ്ജലിയേകാനെത്തി. ഇന്നലെ രാവിലെ ഒൻപതരയോടെ ഡിസിസി ഓഫിസിൽ പൊതുദർശനം ആരംഭിച്ചു. തങ്ങളുടെ പ്രിയപ്പെട്ട കെപിക്കു യാത്രാമൊഴിയേകാൻ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഡിസിസി ഓഫിസിലേക്ക് ഒഴുകി. 

എ.കെ. ആന്റണിക്കു വേണ്ടി ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻകുട്ടിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനു വേണ്ടി യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റും കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടി ജില്ലാ പ്രസിഡന്റ് സി.ആർ.വൽസനും പുഷ്പചക്രമർപ്പിച്ചു. യുഡിഎഫ് കൺവീനർ എം.എം. ഹസൻ പൊതുദർശനത്തിലുടനീളം പങ്കെടുത്തു. ഔദ്യോഗിക ബഹുമതികൾക്കു ശേഷം ഉച്ചയ്ക്കു രണ്ടേമുക്കാലോടെ മൃതദേഹം വീട്ടിൽ നിന്നു പാറമേക്കാവ് ശാന്തിഘട്ടിലേക്കു കൊണ്ടുപോയി. 3.10നു സംസ്കാരം നടത്തി.

English Summary:

Congress leader KP Vishwanathan Passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com