ADVERTISEMENT

തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ചേർന്നു ചെയർമാൻ രഞ്ജിത്തിനെതിരെ വകുപ്പുമന്ത്രിക്കു നൽകിയ കത്തു പുറത്തായി. അക്കാദമിയിൽ ഒരു അഭിപ്രായഭിന്നതയുമില്ലെന്നും തനിക്കെതിരെ സമാന്തര യോഗം ചേർന്നിട്ടില്ലെന്നുമുള്ള രഞ്ജിത്തിന്റെ വാദം ഖണ്ഡിക്കുന്നതാണ് കത്ത്. 15 അംഗ ജനറൽ കൗൺസിലിലെ അംഗങ്ങളായ പ്രകാശ് ശ്രീധർ, മനോജ് കാന, എൻ.അരുൺ, ഷൈബു മുണ്ടയ്ക്കൽ, ജോബി, മുഹമ്മദ് കുഞ്ഞ് എന്നിവരാണു കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത കുക്കു പരമേശ്വരൻ, സോഹൻ സീനുലാൽ, സിബി കെ.തോമസ് എന്നിവരുടെ പേരിൽ കൂടിയാണ് കത്തയച്ചിരിക്കുന്നത്. 

അക്കാദമിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങളും പ്രവൃത്തികളുമാണ് രഞ്ജിത്ത് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടുന്ന കത്തിൽ അദ്ദേഹത്തെ തിരുത്തുകയോ പുറത്താക്കുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. 23ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇരു വിഭാഗത്തിനും പറയാനുള്ളതു കേട്ട് നടപടി സ്വീകരിക്കുമെന്നു മന്ത്രി സജി ചെറിയാൻ ഇന്നലെ വ്യക്തമാക്കി.
തുടക്കം മുതലേ തർക്കം
രഞ്ജിത്തും ജനറൽ കൗൺസിൽ അംഗങ്ങളും തമ്മിലുള്ള ചേരിപ്പോര് പരസ്യമാകുന്നത് ഇപ്പോഴാണെങ്കിലും തർക്കം കമ്മിറ്റിയുടെ തുടക്കംമുതലേയുണ്ട്. കോഴിക്കോട്ടു സംഘടിപ്പിച്ച വനിതകളുടെ ചലച്ചിത്രമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ടായിരുന്നു രഞ്ജിത്തിനെതിരെ ആദ്യ വിമർശനം. സിനിമകളുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കം മൂത്തതോടെ രഞ്ജിത്ത് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.  2022ലെ രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു. 

എന്നാൽ, തർക്കങ്ങളും പ്രതിഷേധവും രൂക്ഷമായതും രാഷ്ട്രീയവിഷയമായതും കഴിഞ്ഞ വർഷത്തെ സിനിമ അവാർഡ് നിർണയവുമായി ബന്ധപ്പെട്ടാണ്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ ആരോപണമാണ് അതിനു തിരികൊളുത്തിയത്. വിനയന്റെ വാദം രണ്ട് ജൂറി അംഗങ്ങൾ തന്നെ ശരിവച്ചു. സിപിഐ നേതാവു കൂടിയായ വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി. അക്കാദമി ജനറൽ കൗൺസിൽ അംഗമായ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ അടക്കമുള്ളവരും രഞ്ജിത്തിനെതിരെ പരസ്യ നിലപാടെടുത്തു. എന്നാൽ, നടപടിയെടുത്താൽ അത് മുഴുവൻ പുരസ്കാരങ്ങളെയും സംശയനിഴലിലാക്കുമെന്നു ചൂണ്ടിക്കാട്ടി സർക്കാർ രഞ്ജിത്തിനെ സംരക്ഷിച്ചു.

ഇതിന്റെ തുടർച്ചയായാണ് രഞ്ജിത്തിന്റെ വിവാദ പരാമർശങ്ങളെ ചുറ്റിപ്പറ്റി പുതിയ പ്രതിഷേധം രൂപപ്പെട്ടത്. ഇടതുപക്ഷത്ത്, പ്രത്യേകിച്ച് സിപിഎമ്മിനൊപ്പം നിൽക്കുന്നവർക്കെതിരെയുള്ള അവഹേളന പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ വാദപ്രതിവാദങ്ങൾ സൃഷ്ടിച്ചു.

English Summary:

Parallel Meeting: Chalachitra Academy Chairman Ranjith's claim being disproved, The letter given by the council members to the minister is out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com