ADVERTISEMENT

കുമളി ∙ ജലനിരപ്പ് 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു തുറക്കും. ഇതു സംബന്ധിച്ച് തമിഴ്നാട് കേരളത്തിനു മുന്നറിയിപ്പ് നൽകി. പെരിയാർ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു. 138.25 അടിയാണ് ഇന്നലെ രാത്രി മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണു ഡാമിൽ ജലനിരപ്പുയർന്നത്. പ്രതികൂല കാലാവസ്ഥ മൂലം തേക്കടിയിൽ ബോട്ടിങ് നിർത്തിവച്ചിട്ടുണ്ട്.

അണക്കെട്ടിലെ അനുവദനീയ സംഭരണ ശേഷി 142 അടിയാണ്. എന്നാൽ 136നു ശേഷം എപ്പോൾ വേണമെങ്കിലും സ്പിൽവേയിലെ ഷട്ടറുകൾ തുറക്കാൻ കഴിയും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 6 മുതൽ 13 വരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 2021 നവംബർ 19 മുതൽ ഡിസംബർ 21 വരെയും സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു.

വൈഗ നിറഞ്ഞു

തേനി ജില്ലയിലും മഴ ശക്തമായതോടെയാണു മുല്ലപ്പെരിയാർ തുറക്കാൻ തമിഴ്നാട് നിർബന്ധിതരായത്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് നവംബർ മുതൽ തുറന്നിട്ടിരിക്കുകയാണ്.

ഇടുക്കി നിറയില്ല

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാലും ഇടുക്കി അണക്കെട്ടിൽ കാര്യമായി ജലനിരപ്പ് ഉയരില്ലെന്നാണു കെഎസ്ഇബി കണക്കുകൂട്ടുന്നത്. ഇടുക്കിയുടെ സംഭരണശേഷി 70,500 ദശലക്ഷം ക്യുബിക് അടി (എംസിഎഫ്ടി) ആണ്. ഇപ്പോൾ അണക്കെട്ടിൽ 49,218.56 എംസിഎഫ്ടി വെള്ളമാണുള്ളത്. അണക്കെട്ടിൽ ഇനി 21,281.44 എംസിഎഫ്ടി വെള്ളം കൂടി ഉൾകൊള്ളാനാകും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആകെയുള്ളത് 6647.20 എംസിഎഫ്ടി വെള്ളമാണ്.

English Summary:

Heavy rains raised water levels; Mullaperiyar will open today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com